സ്‌നാപ്ഡീൽ പ്രതിസന്ധിയിൽ

Posted on: March 24, 2017

ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ലാഭക്ഷമത കുറഞ്ഞ കമ്പനി പ്രവർത്തനമൂലധനമില്ലാതെ വലയുകയാണ്. പുതിയ നിക്ഷേപം എത്തിയില്ലെങ്കിൽ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകും. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുമായുള്ള ഓഹരിവില്പന ചർച്ചകൾ പരാജയപ്പെട്ടതോടെ പുതിയ ഫണ്ടിംഗിനായുള്ള നെട്ടോട്ടത്തിലാണ് സ്‌നാപ്ഡീൽ.

ഫ്‌ളിപ്കാർട്ട്, പേടിഎം എന്നിവ സ്‌നാപ്ഡീൽ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്‌നാപ്ഡീലിന്റെ മൂല്യനിർണയം സംബന്ധിച്ച ഭിന്നതയിൽ അവരും പിൻവലിഞ്ഞു. സ്‌നാപ്ഡീലിൽ നിക്ഷേപം നടത്തിയിട്ടുള്ള ജപ്പാനിലെ സോഫ്റ്റ് ബാങ്ക് കൂടുതൽ മുതൽമുടക്കിന് തയാറുമല്ല. 2010 ൽ പ്രവർത്തനമാരംഭിച്ച സ്‌നാപ്ഡീൽ കഴിഞ്ഞവർഷം മുതൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

TAGS: Snapdeal |