യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തി

Posted on: March 16, 2017

ന്യൂയോർക്ക് : യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് ഉയർത്തി. 0.75 മുതൽ 1 ശതമാനം വരെയായിരിക്കും വർധന. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. ഈ വർഷം ഇനിയും പലിശ കൂട്ടുമെന്നും സൂചനയുണ്ട്. ഫെഡറൽ റിസർവ് തീരുമാനം അമേരിക്കയിലെ കൺസ്യൂമർ-ബിസിനസ് വായ്പകളുടെ പലിശ കൂടാൻ വഴിയൊരുക്കും.

യുഎസ് സമ്പദ്‌വ്യവസ്ഥയിൽ നേരിയ വളർച്ച വരുംവർഷങ്ങളിലും തുടരുമെന്ന് ഫെഡറൽ റിസർവ് അധ്യക്ഷ ജാനറ്റ് യെല്ലൻ അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങൾ ഇനിയും വർധിക്കും. രാജ്യത്തെ തൊഴിലില്ലായ്മ 4.7 ശതമാനം കുറഞ്ഞതായും അവർ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ 235,000 തൊഴിലവസരങ്ങളുണ്ടായതും പലിശവർധിപ്പിക്കാൻ ഫെഡറൽ റിസർവിന് സഹായകമായി.