ഖത്തർ എയർവേസ് ഇന്ത്യയിൽ ആഭ്യന്തര വിമാനസർവീസ് ആരംഭിക്കുന്നു

Posted on: March 9, 2017

ബെർലിൻ : ഖത്തർ എയർവേസ് ഇന്ത്യയിൽ ആഭ്യന്തര വിമാനസർവീസ് ആരംഭിക്കാനൊരുങ്ങുന്നു. പുതിയ കമ്പനി തന്നെ ഇതിനായി രൂപീകരിക്കും. ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിൽ വൻ വളർച്ചയാണ് ഖത്തർ എയർവേസ് ലക്ഷ്യമിടുന്നത്. നേരത്തെ സ്‌പൈസ് ജെറ്റിലും ഇൻഡിഗോയിലും ഓഹരിപങ്കാളിത്തം നേടാൻ ഖത്തർ എയർവേസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിമാനസർവീസ് ആരംഭിക്കാൻ വൈകാതെ ഇന്ത്യൻ വ്യോമായാനമന്ത്രാലത്തിന് അപേക്ഷ സമർപ്പിക്കുമെന്ന് ഐടിബി ബെർലിൻ ട്രാവൽ ഫെയറിൽ ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. സംയുക്തസംരംഭമായിരിക്കില്ല ഇന്ത്യയിലേത്. ഘട്ടംഘട്ടമായി 100 വിമാനങ്ങളുള്ള വിമാനക്കമ്പനിയാണ് ലക്ഷ്യമിടുന്നതെന്നും അക്ബർ അൽ ബേക്കർ വ്യക്തമാക്കി.

സൗദി അറേബ്യയിൽ ആഭ്യന്തര വിമാനസർവീസ് നടത്താൻ രണ്ട് വർഷം മുമ്പ് അൽ മഹ എയർവേസ് സ്ഥാപിച്ചിരുന്നു. എന്നാൽ സൗദി ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചതായി അക്ബർ അൽ ബേക്കർ പറഞ്ഞു.