ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വളർച്ച

Posted on: February 21, 2017

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ജനുവരിയിൽ 25 ശതമാനം വളർച്ച കൈവരിച്ചു. യാത്രക്കാരുടെ എണ്ണം 2016 ജനുവരിയിലെ 76.55 ലക്ഷത്തിൽ നിന്നും 95.79 ലക്ഷമായി വർധിച്ചു. വിമാനക്കമ്പനികളിൽ ഇൻഡിഗോ 38.09 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (14.84 ലക്ഷം), എയർ ഇന്ത്യ (13.5 ലക്ഷം), സ്‌പൈസ്‌ജെറ്റ് (12.29 ലക്ഷം), ഗോ എയർ (7.88 ലക്ഷം), വിസ്താര (3.03 ലക്ഷം), എയർ ഏഷ്യ (2.86 ലക്ഷം) എന്നിവയാണ് രണ്ടു മുതൽ ആറ് വരെ സ്ഥാനങ്ങളിലുള്ളത്.

പാസഞ്ചർ ലോഡ് ഫാക്ടറിൽ (93.6 ശതമാനം) സ്‌പൈസ്‌ജെറ്റ് ആണ് ഒന്നാമത്. ഗോ എയർ (90.8 ശതമാനം), ഇൻഡിഗോ (90 ശതമാനം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മെട്രോ എയർപോർട്ടുകളിലെ ഓൺ ടൈം പെർഫോമൻസിൽ സ്‌പൈസ്‌ജെറ്റ് (71.6 ശതമാനം), ഇൻഡിഗോ (71.2 ശതമാനം), ഗോ എയർ (60.6 ശതമാനം) എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.