ബിഎസ്ഇ ഐപിഒ 23 ന് ആരംഭിക്കും

Posted on: January 19, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ 23 ന് ആരംഭിക്കും. പ്രാഥമിക വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്ന ഇന്ത്യയിലെ ആദ്യ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ആണ് ബിഎസ്ഇ. ഇഷ്യുവിലൂടെ 1200-1300 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്ഇ ലക്ഷ്യമിടുന്നത്.

രണ്ട് രൂപ മുഖവിലയുള്ള 1.54 കോടി ഓഹരികളാണ് പബ്ലിക് ഇഷ്യുവിലൂടെ വിൽക്കുന്നത്. ഏകദേശം 28.26 ശതമാനം ഓഹരികളാണ് ഇഷ്യുവിലൂടെ വിൽക്കാനൊരുങ്ങുന്നത്. ബിഎസ്ഇ ഓഹരിയുടമകളായ 302 സ്ഥാപനങ്ങൾ ഓഹരിവിൽക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മിനിമം 18 ഓഹരികൾക്കാണ് അപേക്ഷ നൽകേണ്ടത്. പ്രൈസ് ബാൻഡ് 805 -806 രൂപ. ജനുവരി 25 ന് ഇഷ്യു ക്ലോസ് ചെയ്യും. 1875 ൽ സ്ഥാപിതമായ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് വിപണിവ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 11 ാമത്തെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ആണ്.

എഡിൽവീസ്, അക്‌സിസ് കാപ്പിറ്റൽ, ജെഫ്രീസ്, നൊമൂറ എന്നിവയാണ് ഇഷ്യുവിന്റെ ഗ്ലോബൽ ബുക്ക് റണ്ണേഴ്‌സ്. മോട്ടിലാൽ ഓസ്‌വാൾ, എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ്, എസ് എം സി കാപ്പിറ്റൽ എന്നിവ ഡൊമസ്റ്റിക് ബുക്ക് റണ്ണേഴ്‌സും സ്പാർക്ക് കാപ്പിറ്റൽ കോ ബുക്ക്‌റണ്ണറുമാണ്. കാർവി കംപ്യൂട്ടർഷെയർ ആണ് ഇഷ്യു രജിസ്ട്രാർ.