ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 24 ശതമാനം വളർച്ച

Posted on: January 17, 2017

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2016 ഡിസംബറിൽ 95.52 ലക്ഷമായി. 24 ശതമാനം വളർച്ച. 2015 ഡിസംബറിൽ 77.09 ലക്ഷം പേരായിരുന്നു ആഭ്യന്തര വിമാനയാത്ര നടത്തിയത്. ഇൻഡിഗോ 38.48 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (14.60 ലക്ഷം), എയർ ഇന്ത്യ (13.35 ലക്ഷം), സ്‌പൈസ്‌ജെറ്റ് (12.10 ലക്ഷം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

സ്‌പൈസ്‌ജെറ്റ് ആണ് പാസഞ്ചർ ലോഡ്ഫാക്ടറിൽ ഒന്നാമത്. 93.7 ശതമാനം. ഇൻഡിഗോ (91.4 ശതമാനം), ഗോ എയർ (90.7 ശതമാനം), എയർഏഷ്യ ഇന്ത്യ (86.3 ശതമാനം), ജെറ്റ് എയർവേസ് (86.1 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ.

ബോർഡിംഗ് നിരസിക്കൽ, കാൻസലേഷൻ, വിമാനം വൈകൽ തുടങ്ങിയ പരാതികളിൽ 3.28 ലക്ഷം യാത്രക്കാർക്കായി 4.49 കോടി രൂപ നഷ്ടപരിഹാരമായി നൽകി.