ഫ്‌ളൈഈസി എയർപെഗാസസിന്റെ 74 ശതമാനം ഓഹരികൾ വാങ്ങുന്നു

Posted on: January 10, 2017

ബംഗലുരു : ബംഗലുരു ആസ്ഥാനമായുള്ള റീജണൽ എയർലൈൻ ഫ്‌ളൈഈസി, എയർ പെഗാസസിന്റെ 74 ശതമാനം ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നു. മലയാളി സംരംഭകനായ ഷൈസൺ തോമസ് ആരംഭിച്ച എയർ പെഗാസസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ സർവീസ് നിർത്തിവച്ചത്. എയർ പെഗാസസിനെ ഏറ്റെടുത്ത് മാർച്ച് ഒന്നു മുതൽ സർവീസുകൾ പുനരാരംഭിക്കാനാണ് ഫ്‌ളൈഈസിയുടെ പദ്ധതി.

ആദ്യഘട്ടത്തിൽ ഫ്‌ളൈഈസി 27 കോടി രൂപ എയർ പെഗാസസിൽ മുതൽമുടക്കും. 13 കോടി രൂപ മൂലധനവും 14 കോടി ബാധ്യതകൾ തിരിച്ചടയ്ക്കാനും വിനിയോഗിക്കും. ആറ് വിമാനങ്ങൾ ഈ വർഷം ഫ്‌ളീറ്റിൽ ഉൾപ്പെടുത്താനാണ് ഫ്‌ളൈഈസിയുടെ ലക്ഷ്യം. നാല് വർഷത്തിനുള്ളിൽ 24 വിമാനങ്ങളും കമ്പനിയുടെ ഭാഗമാകും.

അതേസമയം ഫ്‌ളൈഈസി സർവീസുകൾ 2017 മെയ് മാസത്തോടെ ആരംഭിക്കുമെന്ന് ഗ്രൂപ്പ് സിഇഒ രാജേഷ് ഇബ്രാഹിം പറഞ്ഞു. അഖിലേന്ത്യ ലൈസൻസിന് ഫ്‌ളൈഈസി അപേക്ഷിച്ചിട്ടുണ്ട്. എയർബസ് വിമാനങ്ങളായിരിക്കും സർവീസിന് ഉപയോഗിക്കുകയെന്നും അദേഹം വ്യക്തമാക്കി.