സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ അഞ്ചു ശതമാനം വളർച്ച

Posted on: January 4, 2017

കൊച്ചി : രാജ്യത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ അഞ്ചു ശതമാനത്തിന്റെ വളർച്ച. കയറ്റുമതി മൂല്യം ഏഴു ശതമാനം വർധിച്ച് 8415.97 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7892.65 കോടിരൂപയായിരുന്നു കയറ്റുമതി മൂല്യം. ജാതി, ജാതിപത്രി, ജീരകം, വെളുത്തുള്ളി എന്നിവ വൻതോതിൽ കയറ്റിയയ്ക്കപ്പെട്ടതിനെത്തുടർന്നാണിത്. 2016-17 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിലാണ് ഈ നേട്ടം.

സുഗന്ധവ്യഞ്ജന കയറ്റുമതി 2016 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 4,37,360 ടൺ ആയി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കയറ്റുമതി ചെയ്തത് 4,14,780 ടൺ ആയിരുന്നു. മുളകാണ് ഏറ്റവും കൂടുതൽ കയറ്റിയയച്ചത്. 2307.75 കോടി രൂപയുടെ 1,65,000 ടൺ. കയറ്റുമതി വർധനയിൽ വെളുത്തുള്ളിയും വൻമുന്നേറ്റമാണു നേടിയത്, മൂല്യത്തിൽ 132 ശതമാനവും അളവിൽ 55 ശതമാനവും വർധന.

ജാതി, ജാതിപത്രി എന്നിവയുടെ കയറ്റുമതി, കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്നതിനെ അപേക്ഷിച്ച്, അളവിൽ 81 ശതമാനത്തിന്റെയും മൂല്യത്തിൽ 69 ശതമാനത്തിന്റെയും വർധന കാണിച്ചു. ജീരകത്തിന്റെ കയറ്റുമതി 49 ശതമാനം വർധിച്ച് 68,600 ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേസമയം ഇത് 45,894 ടൺ ആയിരുന്നു.

പെരുംജീരകം, സെലറി എന്നിവയ്ക്കു പുറമെ മഞ്ഞളിന്റെ കയറ്റുമതിയിലും വർധനയുണ്ടായത് മൊത്തം കയറ്റുമതിത്തോത് ഉയരാൻ സഹായിച്ചു. മൂല്യവർധിത ഉത്പന്നങ്ങളായ കറിപ്പൊടികൾ, പേസ്റ്റ്, സുഗന്ധ എണ്ണകൾ എന്നിവയുടെ കയറ്റുമതിയും ഇക്കാലയളവിൽ വർധിച്ചു.