സി എസ് ബി യിൽ ഓഹരിനിക്ഷേപത്തിന് ഫെയർഫാക്‌സിന് അനുമതി

Posted on: December 30, 2016

മുംബൈ : കാത്ത്‌ലിക് സിറിയൻ ബാങ്കിൽ 51 ശതമാനം ഓഹരിപങ്കാളിത്തം നേടാൻ വിദേശ നിക്ഷേപസ്ഥാപനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് റിസർവ് ബാങ്ക് അനുമതി നൽകി. കനേഡിയൻ ബില്യണയറായ പ്രേം വാട്‌സയുടെ നിക്ഷേപസ്ഥാപനമാണ് ഫെയർഫാക്‌സ്. ഓഹരി നിക്ഷേപത്തിന് അഞ്ച് വർഷത്തെ ലോക്ക് ഇൻ പീരിയഡും ആർബിഐ നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടെ കാത്ത്‌ലിക് സിറിയൻ ബാങ്കിന് ലാഭപാതയിലെത്താനാവുമെന്നാണ് വിലയിരുത്തൽ.

കൂടാതെ 12 വർഷത്തിനുള്ളിൽ സി എസ് ബി യിലെ ഫെയർഫാക്‌സിന്റെ ഓഹരിപങ്കാളിത്തം 15 ശതമാനമായി കുറയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇടപാടിന്റെ ഭാഗമായി സി എസ് ബി പുതിയ ഓഹരികളായിരിക്കും ഫെയർഫാക്‌സിന് നൽകുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി, ഫെഡറൽ ബാങ്ക്, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ജിപിഇ 111 മൗറീഷ്യസ്, എഐഎഫ് കാപ്പിറ്റൽ ഡെവലപ്‌മെന്റ്, ആഗ്നസ് കാപ്പിറ്റൽ, എഡിൽവീസ് ഗ്രൂപ്പ് തുടങ്ങി 20 നിക്ഷേപകർക്ക് സി എസ് ബിയിൽ ഒരു ശതമാനത്തിൽ കൂടുതൽ മൂലധന നിക്ഷേപമുണ്ട്.