നാല് ലക്ഷം കോടിയുടെ നിക്ഷേപം നിരീക്ഷണത്തിൽ

Posted on: December 30, 2016

ന്യൂഡൽഹി : കറൻസി പിൻവലിക്കലിന് ശേഷം ബാങ്കുകളിലെത്തിയ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിൽ. നിക്ഷേപത്തിന്റെ ഉറവിടം വെളിപ്പെടുത്താനാവാത്തവർക്ക് നോട്ടീസും നൽകി തുടങ്ങി. ഡിസംബർ 17 വരെ 80 ലക്ഷം രൂപയോ അതിൽ അധികമോ നിക്ഷേപിച്ച 1.14 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ആദായനികുതിവകുപ്പ് പരിശോധിച്ചുവരുന്നത്. ഈ പണത്തിലേറെയും നികുതി വെട്ടിച്ച തുകകളാണെന്നാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ നിഗമനം.

സംശയകരമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഇതേവരെ 5000 നോട്ടീസുകൾ വിതരണം ചെയ്തതായി ഇൻകംടാക്‌സ് വൃത്തങ്ങൾ വെളിപ്പെടുത്തി. നവംബർ 10 ന് ശേഷം 1.77 ലക്ഷം പേർ 25 ലക്ഷമോ അതിൽ അധികമോ രൂപയുടെ വായ്പ തിരിച്ചടവ് നടത്തിയതായും ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കമ്പനികളും വ്യക്തികളും ഉൾപ്പടെ ഇത്തരത്തിൽ തിരിച്ചടവ് നടത്തിയവരും നിരീക്ഷണത്തിലാണ്.