കെവൈസി അക്കൗണ്ടുകളിൽ 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമില്ല

Posted on: December 21, 2016

മുംബൈ : കെവൈസി നിബന്ധന പാലിക്കുന്ന അക്കൗണ്ടുകളിൽ 5000 രൂപയ്ക്ക് മുകളിൽ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഡിസംബർ 19 ലെ ഉത്തരവ് റിസർവ് ബാങ്ക് പിൻവലിച്ചു. അസാധു നോട്ടുകൾ നിക്ഷേപിക്കാൻ ഡിസംബർ 30 വരെ കാലാവധിയുള്ളപ്പോൾ 5000 രൂപയ്ക്ക് മേലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് പരക്കെ എതിർപ്പുകൾക്ക് ഇടയാക്കി.

ഇത്തരത്തിൽ 5000 രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകനെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. എന്നാൽ ഒറ്റത്തവണ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കത്തതിനെ തുടർന്ന് പലയിടത്തും നിക്ഷേപം സ്വീകരിക്കാൻ ബാങ്കുകൾ തയാറായില്ല.