നാല് ടാറ്റാ ഗ്രൂപ്പ് കമ്പനികൾ സൈറസ് മിസ്ത്രിയെ നീക്കാൻ ഒരുങ്ങുന്നു

Posted on: December 19, 2016

മുംബൈ : ടാറ്റാ ഗ്രൂപ്പിലെ നാല് കമ്പനികൾ ചെയർമാൻ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ നീക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ കെമിക്കൽസ് എന്നീ സ്ഥാപനങ്ങളാണ് ഡിസംബർ 20-23 തീയതികളിൽ ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചിട്ടുള്ളത്. ടാറ്റാസൺസ് മുൻകൈയെടുത്തു വിളിച്ചുകൂട്ടുന്ന അസാധാരണ പൊതുയോഗങ്ങളിൽ മിസ്ത്രിയെ നീക്കം ചെയ്യാൻ ഓഹരിയുടമകൾ വോട്ട്‌ചെയ്‌തേക്കും. ഈ മാസം ആദ്യം ടിസിഎസ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്ത്രിയെ നീക്കം ചെയ്തിരുന്നു.

ഇന്ത്യൻ ഹോട്ടൽസിൽ ടാറ്റാസൺസിന്റെ 28.01 ശതമാനം ഉൾപ്പടെ പ്രമോട്ടർ ഗ്രൂപ്പിന് 38.65 ശതമാനവും ടാറ്റാ സ്റ്റീലിൽ ടാറ്റാസൺസിന്റെ 29.75 ശതമാനം ഉൾപ്പടെ പ്രമോട്ടർ ഗ്രൂപ്പിന് 31.35 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്. ടാറ്റാ സ്റ്റീലിൽ എൽഐസിക്ക് 13.62 ശതമാനം ഓഹരികളുണ്ട്.

ടാറ്റാ മോട്ടോഴ്‌സിൽ ടാറ്റാസൺസിന് 26.51 ശതമാനം ഉൾപ്പടെ 33 ശതമാനം ഓഹരികൾ നിയന്ത്രണത്തിലുണ്ട്. എൽഐസിയുടെ ഓഹരിവിഹിതം 5.11 ശതമാനം. ടാറ്റാ കെമിക്കൽസിൽ ടാറ്റാസൺസിന് 19.35 ശതമാനം ഉൾപ്പടെ പ്രമോട്ടർമാർക്ക് 30.80 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. എൽഐസിയുടെ നിയന്ത്രണത്തിൽ 3.33 ശതമാനം ഓഹരികളുമുണ്ട്. നാലു കമ്പനികളിലും സൈറസ് മിസ്ത്രിക്ക് വ്യക്തിഗത ഓഹരിപങ്കാളിത്തമുണ്ട്.