സി എസ് ബി ആസ്ഥാനം മാറ്റാനുള്ള നീക്കത്തെ എം എ യൂസഫലി എതിർത്തു

Posted on: November 30, 2016

yusuff-ali-m-a-big

കൊച്ചി : കാത്ത്‌ലിക് സിറിയൻ ബാങ്കിൽ നിർണായക ഓഹരിപങ്കാളിത്തം നേടാനും ആസ്ഥാനം തൃശൂരിൽ നിന്ന് മുംബൈയിലേക്ക് മാറ്റാനും ഫെയർഫാക്‌സ് ഹോൾഡിംഗ്‌സ് ശ്രമിക്കുന്നുവെന്ന വാർത്തകളിൽ വ്യക്തത കൈവരുത്തണമെന്ന് ബാങ്കിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കാത്ത്‌ലിക് സിറിയൻ ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണന് യൂസഫലി കത്തയച്ചു.

കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായ ( 4.99 ശതമാനം) തനിക്ക് ഏറ്റെടുക്കലിനെപ്പറ്റി മാധ്യമങ്ങളിൽ നിന്നല്ലാതെ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് എം എ യൂസഫലി പറഞ്ഞു. നടപടികളെല്ലാം കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും കർശനമായ അംഗീകാരത്തിന് വിധേയമാണ്. പക്ഷെ കേരളത്തിന്റെ സ്വന്തം ബാങ്കുകളിലൊന്നായ കാത്ത്‌ലിക് സിറിയൻ ബാങ്കിനെ സംസ്ഥാനത്തിന് പുറത്തേക്ക് പറിച്ചുനടാനുള്ള ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിനെ ശക്തമായി എതിർക്കുമെന്നും അദേഹം പറഞ്ഞു.

ഇതിനിടെ കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ നിർണായക ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരുന്നുണ്ട്. അജണ്ടയിലില്ലെങ്കിലും ഫെയർഫാക്‌സ് ഹോൾഡിംഗ്‌സിന്റെ നീക്കം ഡയറക്ടർ ബോർഡ് യോഗത്തിന് പരിഗണിക്കേണ്ടി വരും. തുടർന്ന് ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ ഇന്ന് വൈകുന്നേരം കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നുണ്ട്.  ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി വി ആർ രാജേന്ദ്രൻ ഇന്നലെ ചുമതലയേറ്റു.