ഖത്തർ മുൻ അമീർ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി അന്തരിച്ചു

Posted on: October 24, 2016

emir-sheikh-khalifa-bin-ham

ദോഹ : ഖത്തർ മുൻ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി (84) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാമഹനാണ്. അമീറിന്റെ വേർപാടിനെ തുടർന്ന് ഖത്തറിൽ മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ ഖത്തർ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

റയ്യാനിൽ 1932 ൽ ജനിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി 1956 ൽ വിദ്യാഭ്യാസമന്ത്രിയായി പൊതുരംഗത്തേക്ക് കടന്നുവന്നു. 1960 മുതൽ ഖത്തർ ധനകാര്യമന്ത്രിയുമായി പ്രവർത്തിച്ചു. 1972 മുതൽ 1995 വരെ ഖത്തർ അമീറായി. ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി വിദേശകാര്യമന്ത്രിയെ നിയമിച്ചതും നയതന്ത്രബന്ധങ്ങൾക്ക് തുടക്കംകുറിച്ചതും ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയാണ്.

ഖത്തർ മോണിട്ടറി ഏജൻസി (1973), ഖത്തർ ജനറൽ പെട്രോളിയം കോർപറേഷൻ (1974), ഖത്തർ ഗ്യാസ് (1984) എന്നിവ സ്ഥാപിച്ചു. അൽ ഷമാൽ ഗ്യാസ് ഫീൽഡിൽ നിന്നും 1991 ൽ പ്രകൃതിവാതക ഉത്പാദനം തുടങ്ങി. ഇതേ തുടർന്ന് ഖത്തർ സ്റ്റീൽ, ഖത്തർ പെട്രോകെമിക്കൽസ് തുടങ്ങി നിരവധി ബൃഹത്ത് വ്യവസായപദ്ധതികൾക്കും വഴിതെളിയിച്ചു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ തുടങ്ങി അടിസ്ഥാനസൗകര്യവികസനരംഗത്തും അദേഹം മായാത്ത വ്യക്തിമുദ്രപതിപ്പിച്ചു.

വിദ്യാഭ്യാസമേഖലയിൽ നിരവധി സ്‌കൂളുകൾക്കും ഖത്തർ യൂണിവേഴ്‌സിറ്റിക്കും അടിത്തറ പാകി. ആരോഗ്യരംഗത്ത് രാജ്യത്തുടനീളം നിരവധി ഹെൽത്ത് സെന്ററുകൾ, ഹമദ് ജനറൽ ഹോസ്പിറ്റൽ, വിമൻസ് ഹോസ്പിറ്റൽ (1982) തുടങ്ങിയവയും ആരംഭിച്ചു. ഖത്തർ മ്യൂസിയം, ഖത്തർ നാഷണൽ തീയേറ്റർ, സ്‌പോർട്‌സ് ക്ലബുകൾ, ഖത്തർ ന്യൂസ് ഏജൻസി, ഖത്തർ ടെലികമ്യൂണിക്കേഷൻസ് (ക്യുടെൽ) തുടങ്ങിയവയും ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയുടെ കൈയൊപ്പുപതിഞ്ഞ സംരംഭങ്ങളാണ്.