കേരള ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവ് 22 ന് ആരംഭിക്കും

Posted on: October 17, 2016

kerala-investment-conclave

കോഴിക്കോട് : മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കേരള ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവ് 22,23 തീയതികളിൽ കോഴിക്കോട്ട് നടത്തും. കോഴിക്കോട് ബൈപാസിൽ യുഎൽ സൈബർപാർക്കിൽ 22 ന് രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മലബാറിലെ വ്യവസായികളുടെയും പ്രഫണലുകളുടെയും കൂട്ടായ്മയായ ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് ആണ് കോൺക്ലേവിന്റെ സംഘാടകർ.

മലബാറിന്റെ നിക്ഷേപസാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ജിഎംഐ പ്രസിഡന്റ് ഡോ. ആസാദ് മൂപ്പനും സ്ഥാപകാംഗം ഡോ. ഷബീർ നെല്ലിക്കോടും പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക്, ടൂറിസം മന്ത്രി എ.സി. മൊയ്തീൻ, തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനങ്ങളായ ഏണസ്റ്റ് ആൻഡ് യംഗ്, കെപിഎംജി, പിഡബ്ല്യുസി എന്നിവർ കോൺക്ലേവുമായി സഹകരിക്കുന്നുണ്ട്. 300 പ്രവാസി നിക്ഷേപകരും ഇന്ത്യയിലെ വ്യവസായ ഗ്രൂപ്പുകളിൽ നിന്നുള്ള 100 ഉന്നതരും കോൺക്ലേവിൽ പങ്കെടുക്കാനെത്തും.