കാർ കയറ്റുമതിയിൽ ഇന്ത്യ കുതിക്കുന്നു

Posted on: October 16, 2016

car-exports-from-india-big

ന്യൂഡൽഹി : കാറുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നേട്ടം. നടപ്പ് സാമ്പത്തികവർഷം ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 3,67,110 കാറുകൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടു. മുൻ വർഷം ഇതേകാലയളവിൽ 3,18,188 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. അതായത് 15.38 ശതമാനം വളർച്ച. ലാറ്റിൻ അമേരിക്ക, കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലേക്കാണ് കയറ്റുമതി. കയറ്റുമതി രംഗത്തെ ഉണർവ് വരുംനാളുകളിലും തുടരുമെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ വിലയിരുത്തൽ.

ഹ്യുണ്ടായ് മോട്ടോർ ആണ് കയറ്റുമതി രംഗത്ത് ഒന്നാമത്. നടപ്പുവർഷം ആറുമാസക്കാലത്ത് 87,499 കാറുകളാണ് കയറ്റുമതി ചെയ്തത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 2.01 ശതമാനം വളർച്ച കൈവരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഫോർഡ് ഇന്ത്യ 73,821 കാറുകളാണ് കയറ്റുമതി ചെയ്തത്. കയറ്റുമതി രംഗത്ത് 32.25 ശതമാനം വളർച്ചയാണ് ഫോർഡ് നേടിയത്. ആഭ്യന്തര വില്പനയേക്കാൾ കൂടുതലാണ് ഫോർഡിന്റെ കയറ്റുമതി.

മൂന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കിയുടെ കയറ്റുമതി 7.87 ശതമാനം ഇടിഞ്ഞു. ഇതേവരെ 60,526 കാറുകൾ കയറ്റുമതി ചെയ്തു. നിസാൻ കാറുകളുടെ കയറ്റുമതി 7.81 ശതമാനം കുറഞ്ഞു. 49,611 കാറുകളായിരുന്നു കയറ്റുമതി. വോക്‌സ്‌വാഗൻ 43,114 ഉം ജനറൽ മോട്ടോഴ്‌സ് 30,647 കാറുകളും കയറ്റുമതി ചെയ്തത്.