എച്ച് എൽ എൽ ലൈഫ്‌കെയർ തമിഴ്‌നാട്ടിൽ മെഡിപാർക്ക് നിർമിക്കുന്നു

Posted on: October 5, 2016

hll-lifecare-logo-big

തിരുവനന്തപുരം : എച്ച് എൽ എൽ ലൈഫ്‌കെയർ തമിഴ്‌നാട്ടിൽ രാജ്യത്തെ ആദ്യ മെഡിപാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ അത്യാധുനിക വൈദ്യോപകരണങ്ങളുടെ നിർമാണം ആരംഭിക്കും. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപേട്ടിൽ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള 330 ഏക്കർ സ്ഥലമാണ് കേന്ദ്രസർക്കാർ മെഡിപാർക്കിനായി അനുവദിച്ചിട്ടുള്ളത്.

അതിസൂക്ഷ്മ രോഗ നിർണയത്തിനും ചികിൽസയ്ക്കും ആവശ്യമായ പേസ് മേക്കർ, സ്‌കാനിംഗ് ഉപകരണങ്ങൾ ശ്വസന സഹായികൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനത്തിൽ ഗണ്യമായ വർധനയുണ്ടാകും. മെഡിപാർക്ക് പൂർത്തിയാകുമ്പോൾ മൂവായിരത്തോളം പേർക്ക് തൊഴിലവസരവും ലഭിക്കും.

ആധുനിക ചികിൽസോപകരണങ്ങളുടെ 70 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണെന്നും ഇറക്കുമതിച്ചെലവ് കൂടുതലായതിനാൽ ഇവ ഉപയോഗിച്ചുള്ള രോഗ നിർണയവും ചികിൽസയും രാജ്യത്ത് ഏറെ ചെലവു കൂടിയതാണെന്നും എച്ച് എൽ എൽ ലൈഫ് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്‌ഡേൽവാൽ പറഞ്ഞു. കഴിഞ്ഞ വർഷം 30000 കോടി രൂപയുടെ വൈദ്യോപകരണങ്ങളാണ് രാജ്യത്തിന് ആവശ്യം വന്നത്. എച്ച് എൽഎൽ മെഡിപാർക്ക് സ്ഥാപിതമാകുമ്പോൾ, ആഭ്യന്തര ഉത്പാദനം വർധിക്കുന്നതോടെ രാജ്യത്ത് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നും ഖണ്‌ഡേൽവാൽ ചൂണ്ടിക്കാട്ടി.

ഏഴുവർഷത്തിനുള്ളിൽ മെഡിപാർക്കിന്റെ നിർമാണം പൂർത്തിയാക്കും. ഭൂമി നിർമാണത്തിനായി സജ്ജീകരിച്ച ശേഷം വൈദ്യോപകരണ നിർമാണ യൂണിറ്റുകളും വിജ്ഞാന-വിവര കേന്ദ്രങ്ങളും സ്ഥാപിക്കാനായി നിക്ഷേപകർക്ക് കൈമാറും. മെഡിപാർക്കിൽ എച്ച് എൽ എല്ലിന് 50 ശതമാനത്തിനു മുകളിൽ ഓഹരി പങ്കാളിത്തമാണുള്ളത്. തമിഴ്‌നാട് സർക്കാരിന് 10 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

TAGS: HLL Lifecare |