ഡോ. ഫിലിപ്പ് അഗസ്റ്റിൻ ഗൾഫിൽ ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുന്നു

Posted on: August 26, 2016
ഗൾഫ് മേഖലയിൽ ഉദര- കരൾ രോഗ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഡോ ഫിലിപ്പ് അഗസ്റ്റിനും ബഹ്‌റിനിലെ മിഡിൽ  ഈസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ  ഡോ. വർഗീസ് കുര്യനും കൈമാറുന്നു. കരൾരോഗ വിദഗ്ധൻ ഡോ. അബി ഫിലിപ്‌സ്, മിഡിൽ ഈസ്റ്റ്  ഹോസ്പിറ്റൽ സിഇഒ ഡോ. ബാഹാ ഫത്തേ എന്നിവർ സമീപം.

ഗൾഫ് മേഖലയിൽ ഉദര- കരൾ രോഗ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഡോ ഫിലിപ്പ് അഗസ്റ്റിനും ബഹ്‌റിനിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. വർഗീസ് കുര്യനും കൈമാറുന്നു. കരൾരോഗ വിദഗ്ധൻ ഡോ. അബി ഫിലിപ്‌സ്, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ സിഇഒ ഡോ. ബാഹാ ഫത്തേ എന്നിവർ സമീപം.

കൊച്ചി : പ്രശസ്ത ഉദര രോഗ വിദഗ്ധൻ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്‌സ് ഗൾഫ് മേഖലയിൽ ഉദര- കരൾ രോഗ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ബഹ്‌റിനിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി ധാരണ പത്രം ഒപ്പുവെച്ചു. പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യന്റെ (വികെഎൽ ഹോൾഡിംഗ്‌സ്) ഉടമസ്ഥതയിലുള്ള മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ സ്വകാര്യ മേഖലയിൽ ബഹ്‌റിനിലെ ഏറ്റവും വലിയ ഹോസ്പിറ്റലാണ്.

ബഹ്‌റിനിൽ മൂന്ന് മാസത്തിനുള്ളിൽ ഗ്യാസ്‌ട്രോഎന്ററോളജി, ലിവർ ക്ലിനിക്കുകൾ സ്ഥാപിക്കും. ഹെപ്പറ്റൈറ്റിസ് -സി രോഗ ചികിത്സയും കരൾ മാറ്റിവയ്ക്കൽ ചികിത്സയും വേണ്ടി വരുന്ന ഗൾഫ് മേഖലയിലെ രോഗികൾക്ക് ആശ്വാസമായിരിക്കും പുതിയ ക്ലിനിക്കുകളെന്ന് ഡോ. ഫിലിപ് അഗസ്റ്റിൻ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ പാൻക്രിയാസ് ക്ലിനിക്കും ക്രോൺസ് രോഗികൾക്കായുള്ള ഐബിഡി ക്ലിനിക്കും തുടങ്ങും. ഇന്ത്യൻ ഡോക്ടർമാരും മറ്റു ജീവനക്കാരുമാകും ഈ ക്ലിനിക്കുകൾക്ക് നേതൃത്വം നൽകുന്നതെന്നും ഡോ. ഫിലിപ്പ് അഗസ്റ്റിൻ വ്യക്തമാക്കി.

ഇന്ത്യയിൽ വിദഗ്ദ ചികിത്സ വേണ്ടിവരുന്ന രോഗികളെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന്റെ ചുമതലയിൽ കൊച്ചിയിലെ പിവിഎസ് മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്കുശേഷം തിരികെ ഗൾഫിൽ തിരിച്ച് എത്തിക്കുമെന്ന് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. വർഗീസ് കുര്യൻ അറിയിച്ചു. വിപുലമായ സൗകര്യങ്ങളോടെ അത്യാധുനിക പതോളജി ലബോറട്ടറിയും താമസിയാതെ കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും. ഗൾഫ് മേഖലയിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ആശുപത്രികൾക്കായി പതോളജി സേവനം ടെലിമെഡിസിൻ വഴി ലഭ്യമാക്കാനും സംവിധാനമൊരുക്കുമെന്ന് ഡോ. ഫിലിപ് അഗസ്റ്റിൻ പറഞ്ഞു.