ഇന്ത്യ 7.5 % ജിഡിപി വളർച്ച നേടുമെന്ന് ഡ്യൂഷെ ബാങ്ക്

Posted on: August 1, 2016

GDP-growth-Big

ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവർഷം 7.5 ശതമാനം വളർച്ച നേടുമെന്ന് ഡ്യൂഷെ ബാങ്ക്. നേരത്തെ നടപ്പുവർഷം 7.6 ശതമാനവും 2017-18 ൽ 7.8 ശതമാനവും വളർച്ചാനിരക്കാണ് റിസർവ് ബാങ്ക് കണക്കാക്കിയിരുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് ഡ്യൂഷെ ബാങ്ക് 7.6 ശതമാനമായി കുറച്ചു.

ബ്രെക്‌സിറ്റ് ഇന്ത്യയെ നേരിട്ട് ബാധിക്കില്ല. എന്നാൽ ആഗോള സാമ്പത്തികവളർച്ചയുടെ വേഗതകുറയുകയും അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്കും ഗുണകരമാവില്ലെന്നാണ് ഡ്യൂഷെ ബാങ്കിന്റെ വിലയിരുത്തൽ.

അടുത്ത രണ്ട് സാമ്പത്തികവർഷത്തേക്ക് ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായിരിക്കുമെന്ന് ബ്രെക്‌സിറ്റിന് ശേഷമുള്ള വിലയിരുത്തലിൽ ഐഎംഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.