പട്ടാള അട്ടിമറി : തുർക്കി ടൂറിസത്തിന് തിരിച്ചടി

Posted on: July 16, 2016

Ataturk-Airport-Bigദുബായ് : തുർക്കി പട്ടാളത്തിലെ ഒരു വിഭാഗം ഇന്നലെ രാത്രി നടത്തിയ പട്ടാള അട്ടിമറി രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുർക്കിയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ടൂർ ഓപറേറ്റർമാർ വരും മാസങ്ങളിലെ ബുക്കിംഗ് റദ്ദാക്കുന്നതോടെ തുർക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറയും.

തുർക്കിയിൽ ഈ വർഷം പലതവണയുണ്ടായ ബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. കഴിഞ്ഞ മാസം ഇസ്താംബൂൾ എയർപോർട്ടിലുണ്ടായ ചാവേറാക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. പട്ടാള അട്ടിമറിയെ തുടർന്ന് ഇസ്താംബൂളിലേക്കുള്ള ബ്രിട്ടീഷ് എയർവേസ് വിമാനം ബൾഗേറിയയിലെ സോഫിയയിലേക്ക് വഴിതിരിച്ചുവിട്ടു. ലുഫ്താൻസ ഫ്‌ളൈറ്റ് പകുതിവഴിക്ക് യാത്ര റദ്ദാക്കി ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങി.ഇസ്താംബൂളിലെ അറ്റാടർക്ക് എയർപോർട്ടിൽ നിന്നുള്ള 32 ഡിപ്പാർച്ചറുകൾ റദ്ദാക്കി.ഇവയിലേറെയും ടർക്കീഷ് എയർലൈൻസിന്റെ ഫ്‌ളൈറ്റുകളാണ്.

അതേസമയം പട്ടാള അട്ടിമറി നീക്കം പരാജയത്തിലേക്ക് നീങ്ങുന്നതായി സൂചന. പ്രസിഡന്റ് തയ്യിബ് എർദോഗനെ അനുകൂലിച്ച് ജനം തെരുവിലിറങ്ങിയതോടെ പലയിടത്തും സൈന്യത്തിന്റെ നിയന്ത്രണം നഷ്ടമായതായി റിപ്പോർട്ടുണ്ട്. അങ്കാറയിൽ പോലീസും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. അക്രമങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു.