എയർ ഏഷ്യ 100 എയർബസ് എ 321 നിയോ വിമാനങ്ങൾ വാങ്ങുന്നു

Posted on: July 13, 2016

AirAsia-Airbus-Order-Big

ഫാൺബറോ : എയർ ഏഷ്യ 100 എയർബസ് എ 321 നിയോ വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകി. ഫാൺബറോ എയർഷോയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചു. എയർഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസും എയർബസ് പ്രസിഡന്റും സിഇഒയുമായ ഫാബ്രൈസ് ബ്രിഗീറും ചടങ്ങിൽ സന്നിഹിതരായിരുന്നു. എ320 ശ്രേണിയിൽപ്പെട്ട 575 വിമാനങ്ങൾക്കാണ് എയർ ഏഷ്യ ഗ്രൂപ്പ് ഓർഡർ നൽകിയിട്ടുള്ളത്. ഇതിൽ 170 എണ്ണം എയർ ഏഷ്യ ഫ്‌ളീറ്റിലുണ്ട്. എയർബസിന്റെ ഏറ്റവും വലിയ എയർലൈൻ കസ്റ്റമറാണ് എയർ ഏഷ്യ.

എയർബസിന്റെ എ321 നിയോ വിമാനങ്ങളിൽ സിംഗിൾ ക്ലാസ് ലേഔട്ടിൽ 236 പേർക്ക് വരെ യാത്ര ചെയ്യാനാകും. ലോകോസ്റ്റ് എയർലൈനുകൾക്ക് അധികച്ചെലവില്ലാതെ കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യാൻ എ321 നിയോ വിമാനങ്ങൾ സഹായകമാകും. 24 രാജ്യങ്ങളിലെ 120 ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം ആയിരത്തോളം ഫ്‌ളൈറ്റുകളാണ് എയർ ഏഷ്യ ഓപറേറ്റ് ചെയ്യുന്നത്. എ321 വിമാനങ്ങൾ വിപണി ഡിമാൻഡ് നേരിടാനും സഹായിക്കുമെന്ന് എയർ ഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ് പറഞ്ഞു.