ബാങ്ക് ജീവനക്കാർ 12 മുതൽ പണിമുടക്കിലേക്ക്

Posted on: July 10, 2016

Bank-Strikeന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പടെ അഞ്ച് അസോസിയേറ്റ് ബാങ്കുകൾ എസ് ബി ഐയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും 12, 13 തീയതികളിൽ പണിമുടക്കും. 12 ന് അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെയും 13 ന് രാജ്യത്തെ മുഴുവൻ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്കിൽ പങ്കുചേരുമെന്നും ഭാരവാഹികൾ അറിയിച്ചു. ജൂലൈ 11 ന് പ്രതിഷേധറാലികളും 12 ന് രാവിലെ മുതൽ 13 ന് വൈകുന്നേരം അഞ്ചു വരെ 32 മണിക്കൂർ നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക, കിട്ടാക്കടം തിരിച്ചുപിടിക്കുക, ലയന നയം തിരുത്തുക, ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണ തീരുമാനം പിൻവലിക്കുക, മനപൂർവം വായ്പ കുടിശികയാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്.