ഏഷ്യൻ പെയിന്റ്‌സ് ദക്ഷിണേന്ത്യയിൽ 4,000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: June 27, 2016

Asian-Paints-color-world-bi

മുംബൈ : ഏഷ്യൻ പെയിന്റ്‌സ് ദക്ഷിണേന്ത്യയിൽ രണ്ട് പ്ലാന്റുകൾ സ്ഥാപിക്കാൻ ഘട്ടംഘട്ടമായി 4000 കോടി രൂപ മുതൽമുടക്കും. ആന്ധ്രപ്രദേശിലും കർണാടകത്തിലുമാണ് കമ്പനി പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ആഭ്യന്തരവിപണിയിൽ വർധിച്ചു വരുന്ന പെയിന്റ് ഉപയോഗം കണക്കിലെടുത്താണ് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 1,750 കോടി രൂപ മുതൽമുടക്കി അഞ്ച് ലക്ഷം കിലോ ലിറ്റർ ശേഷിയുള്ള പെയിന്റ് നിർമാണ പ്ലാന്റ് സ്ഥാപിക്കും. കർണാടകത്തിലെ മൈസുരുവിൽ ആറ് ലക്ഷം കിലോ ലിറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. 2,300 കോടി രൂപയാണ് മുതൽമുടക്ക്.

ഗുജറാത്തിലെ അങ്കലേശ്വർ, ഉത്തർപ്രദേശിലെ കസ്‌ന പ്ലാന്റുകളുടെ നവീകരണം കഴിഞ്ഞവർഷം കമ്പനി പൂർത്തിയാക്കിയിരുന്നു. ഹരിയാനയിലെ റോത്തക്ക് പ്ലാന്റിന്റെ ശേഷി രണ്ട് ലക്ഷം കിലോ ലിറ്ററിൽ നിന്നും നാല് ലക്ഷം കിലോ ലിറ്ററായി വർധിപ്പിച്ചു.