ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരളത്തിൽ 600 കോടി മുതൽമുടക്കും

Posted on: June 15, 2016

Dr.-Azad-Moopen-big-aതിരുവനന്തപുരം : ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കേരളത്തിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 600 കോടി രൂപയുടെ നിക്ഷേപം നടത്തും. തിരുവനന്തപുരത്ത് 500 ബെഡുകളുള്ള സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി നിർമ്മിക്കും. കണ്ണൂരിൽ 250 ബെഡുകളുള്ള മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി, കോഴിക്കോട് 300 ബെഡുകളുള്ള സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി എന്നിവ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മിംസിലെ നിശ്ചിത വികസന പദ്ധതികൂടി പരിഗണിക്കുമ്പോൾ നിലവിലുള്ള 2000 ബെഡുകൾക്ക് പുറമെ പുതിയതായി ആയിരം ബെഡുകൾ കൂട്ടിച്ചേർക്കപ്പെടും.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, സഹകരണ, ടൂറിസം മന്ത്രി എ.സി. മൊയ്തീൻ എന്നിവരെയും അദ്ദേഹം സന്ദർശിച്ചു.

കേരളത്തിലെ ആരോഗ്യസേവനരംഗത്ത് ഏറ്റവും വലിയ തൊഴിൽദാതാവാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ്. കേരളത്തിലെ നാല് ആശുപത്രികളിലായി 7500 പേരാണ് ജോലിനോക്കുന്നത്. ഇവരിൽ 725 ഡോക്ടർമാർ, 2600 നഴ്‌സുമാർ, 1000 പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെടും. പുതിയ പദ്ധതികൾകൂടി വരുന്നതോടെ പുതിയതായി 4000 തൊഴിൽ അവസരങ്ങൾകൂടി സംസ്ഥാനത്തിനായി തുറന്നുകിട്ടും.