സൗദി ബിൻലാദിൻ ഗ്രൂപ്പ് 50,000 ജീവനക്കാരെ കുറയ്ക്കും

Posted on: May 1, 2016

Saudi-Binladin-Group-Big

ജിദ്ദ : മിഡിൽഈസ്റ്റിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ സൗദി ബിൻലാദിൻ ഗ്രൂപ്പ് 50,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം ജീവനക്കാരാണ് സൗദി ബിൻലാദിൻ ഗ്രൂപ്പിലുള്ളത്. പിരിച്ചുവിടൽ പ്രവാസികളെയാണ് ബാധിക്കുകയെന്ന് സൗദി ദിനപ്പത്രമായ അൽവത്തൻ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ പല പ്രോജക്ടുകളും നിർത്തിവെയ്‌ക്കേണ്ടിയും വരും. മക്കയിലെ ഹറം വികസനം നടപ്പാക്കുന്നതും സൗദി ബിൻലാദിൻ ഗ്രൂപ്പാണ്. പിരിച്ചുവിടുന്നവരുടെ തൊഴിൽകരാർ റദ്ദാക്കി പെർമനന്റ് എക്‌സിറ്റ് വിസ നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ശമ്പളം മുടങ്ങാൻ തുടങ്ങിയതോടെയാണ് സൗദി ബിൻലാദിൻ കമ്പനിയിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ പലർക്കും ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ജീവനക്കാരുടെ പ്രതിഷേധം ആക്രമാസക്തവുമായി. വേതന സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് സൗദി തൊഴിൽ മന്ത്രാലയം ബിൻലാദിൻ ഗ്രൂപ്പിനുള്ള എല്ലാ സേവനങ്ങളും നിർത്തലാക്കിയിരിക്കുകയാണ്.