ആഭ്യന്തരവിമാനസർവീസുകളിൽ ഇൻഡിഗോ ഒന്നാമത്

Posted on: April 22, 2016

Domestic-Air-passengers-Big

മുംബൈ : ആഭ്യന്തരവിമാനസർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്ത് ഇൻഡിഗോ ഒന്നാംസ്ഥാനം നിലനിർത്തി. ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ 85.03 ലക്ഷം പേരാണ് ഇൻഡിഗോ വിമാനങ്ങളിൽ യാത്രചെയ്തത്.37 ശതമാനമാണ് വിപണിവിഹിതം. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ജെറ്റ് എയർവേസും എയർഇന്ത്യയും യഥാക്രമം 41.94 ഉം 35.38 ഉം ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. ജെറ്റ് എയർവേസിന് 18.2 ഉം എയർ ഇന്ത്യയ്ക്ക് 15.4 ഉം ശതമാനമാണ് വിപണിവിഹിതം. സ്‌പൈസ്‌ജെറ്റിന് 13 ശതമാനവും ഗോ എയറിന് 8.1 ശതമാനവും വിപണിവിഹിതമുണ്ട്.

നടപ്പുവർഷം ആദ്യത്തെ മൂന്ന് മാസക്കാലത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 24.03 ശതമാനം വർധിച്ച് 230.03 ലക്ഷമായി. മുൻവർഷം ഇതേകാലയളവിൽ യാത്രക്കാരുടെ എണ്ണം 185.46 ലക്ഷമായിരുന്നു. പാസഞ്ചർ ലോഡ ഫാക് ടറിൽ (പിഎൽഎഫ്) 91.1 ശതമാനം ഓക്യുപൻസിയോടെ സ്‌പൈസ്‌ജെറ്റാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ഗോ എയറിന് 86.3 ശതമാനം പിഎൽഎഫ് ഉണ്ട്. ഇൻഡിഗോയുടെ പിഎൽഎഫ് 85.1 ശതമാനം മാത്രമാണ്. എയർ ഇന്ത്യയുടെ പിഎൽഎഫ് 75.7 ശതമാനം.

ഓൺ ടൈം പെർഫോമൻസിൽ വിസ്താര, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഒന്നാം ക്വാർട്ടറിൽ വിമാനയാത്ര സംബന്ധിച്ച് 737 പരാതികളാണ് ഡിജിസിഎയ്ക്കു ലഭിച്ചിട്ടുള്ളത്. ടിക്കറ്റ് കാൻസലേഷൻ നിരക്ക് 0.90 ശതമാനം മാത്രമാണ്.