വിപ്രോയുടെ അറ്റാദായത്തിൽ ഇടിവ്

Posted on: April 21, 2016

Wipro-Logo-Big

ബംഗലുരു : രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ നാലാം ക്വാർട്ടറിലെ അറ്റാദായത്തിൽ നേരിയ ഇടിവ്. 2016 മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ അറ്റാദായം 1.62 ശതമാനം കുറഞ്ഞ് 2,235 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ 2,272 കോടിയായിരുന്നു അറ്റാദായം. ഉയർന്ന നികുതികളും മറ്റുവരുമാനത്തിലുണ്ടായ കുറവുമാണ് അറ്റാദായം കുറയാൻ ഇടയാക്കിയത്. വിപ്രോയുടെ വരുമാനം 12.9 ശതമാനം വർധിച്ച് 13,741.7 കോടിയായി. 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ വരുമാനം 12,171.4 കോടിയായിരുന്നു.

2015-16 ൽ അറ്റാദായം 9.2 ശതമാനം വർധിച്ച് 8,892.2 കോടി രൂപയായി. 2014-15 ൽ 8,652.8 കോടിയായിരുന്നു അറ്റാദായം. ഐടിയിൽ നിന്നുള്ള മാർജിൻ 20.1 ശതമാനം. ഹെൽത്ത്‌കെയർ, ലൈഫ് സയൻസ് മേഖലകൾ 20.1 ശതമാനം വളർച്ച കൈവരിച്ചു.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 16.3 ശതമാനത്തിൽ നിന്നും 14.9 ശതമാനമായി കുറഞ്ഞു. നാലാം ക്വാർട്ടറിൽ 2,248 പേരെ റിക്രൂട്ട് ചെയ്തു. മൊത്തം ജീവനക്കാരുടെ എണ്ണം 1,72,912 ആയി.