ഒന്നാം ഘട്ട ഉദ്ഘാടനത്തിന് സ്മാർട്ട്‌സിറ്റി തയാർ

Posted on: February 6, 2016

SmartCity-Kochi-logo-big

കൊച്ചി : സ്മാർട്ട്‌സിറ്റി കൊച്ചി ഒന്നാം ഘട്ട ഉദ്ഘാടനത്തിന്റെയും രണ്ടാം ഘട്ട നിർമാണാരംഭത്തിന്റെയും തയ്യാറെടുപ്പുകൾ പൂർത്തിയായതായി ചീഫ് സെക്രട്ടറി ജിജി തോംസൺ അറിയിച്ചു. ഫെബ്രുവരി 20-ന് രാവിലെ 11 ന് ആണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ദുബായ് ഹോൾഡിംഗ് ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി, ദുബായ് ഹോൾഡിംഗ് വൈസ് ചെയർമാനും എംഡിയുമായ അഹമ്മദ് ബിൻബ്യാത്,

വ്യവസായ, ഐടി മന്ത്രിയും സ്മാർട്ട്‌സിറ്റി ചെയർമാനുമായ പി. കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദൻ, സ്മാർട്‌സിറ്റി ബോർഡിലെ പ്രത്യേക ക്ഷണിതാവ് എം. എ. യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, ഐബിഎസ് ചെയർമാൻ വി. കെ. മാത്യൂസ്, സിഎസ്ഇഇസഡ് ഡെവലപ്‌മെന്റ് കമ്മീഷണർ എ. എൻ. സഫീന, സ്മാർട്‌സിറ്റി വൈസ് ചെയർമാൻ ജാബർ ബിൻ ഹാഫിസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും ജിജി തോംസൺ പറഞ്ഞു.

സ്മാർട്ട്‌സിറ്റിയുടെ ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് അവശേഷിച്ചിരുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോടതികളുടെ പരിഗണനയിലിരിക്കുന്ന 4, 6 സെന്റ് ഭൂമി കയ്യേറ്റങ്ങൾ മാത്രമാണ് ഇനി പരിഹിക്കാനുള്ളത്. സ്്മാർട്‌സിറ്റി പദ്ധതിയോട് ചേർന്നു കിടക്കുന്ന കിൻഫ്രയുടെ ഭൂമിയിൽ നിന്ന് 4 ഏക്കർ സ്മാർട്ട്‌സിറ്റിക്ക് നൽകാനും യോഗം തീരുമാനിച്ചതായി ജിജി തോംസൺ പറഞ്ഞു. സീപോർട്ട് എയർപോർട്ട് റോഡിൽ നിന്ന് നേരിട്ട് പദ്ധതിപ്രദേശത്തെത്തുന്ന റോഡ് നിർമിക്കാനും തീരുമാനമായി.

സ്മാർട്ട്‌സിറ്റി കൊച്ചിയുടെ എട്ടാമത്തേതും ആദ്യഘട്ട ഉദ്ഘാടനത്തിനു മുമ്പുള്ള അവസാനത്തേതുമായ അവലോകനയോഗം ചീഫ് സെക്രട്ടറി ജിജി തോംസൺന്റെ നേതൃത്വത്തിൽ സ്മാർട്ട്‌സിറ്റി പവലിയൻ ഓഫീസിൽ നടന്നു. യോഗത്തിൽ സബ് കളക്ടർ എസ്. സുഹാസ്, സ്മാർട്ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോർജ്, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: Smartcity Kochi |