സ്വർണ്ണ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കം

Posted on: December 31, 2015

Dubai-Shopping-Festival-201

ദുബായ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. നൂറു പേർക്ക് 56 കിലോഗ്രാം സ്വർണ്ണം സമ്മാനിക്കുന്ന ഡിഎസ്എഫിൽ ഇത്തവണ ആദ്യമായി എല്ലാ ദിവസവും മൂന്ന് അത്യാകർഷക സ്വർണ്ണ സമ്മാനങ്ങൾ നൽകും. ഫെബ്രുവരി ഒന്നു വരെയുള്ള 32 ദിവസങ്ങളിൽ 100 വിജയികളെ സൃഷ്ടിക്കാൻ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പും ചേർന്ന് മെഗാ പ്രമോഷൻ നടത്തും. എഴുപത് ലക്ഷം ദിർഹത്തിന്റെ സ്വർണ്ണ സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.

ദിവസവും രാത്രി ഒൻപതിനാണ് നറുക്കെടുപ്പ്. മൂന്ന് ഉപഭോക്താക്കൾക്ക് ദിവസവും സമ്മാനം ലഭിക്കും. ഒരു കിലോഗ്രാം സ്വർണ്ണമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അര കിലോഗ്രാം സ്വർണ്ണം. മൂന്നാം സമ്മാനം കാൽ കിലോഗ്രാം സ്വർണ്ണം. ഡിഎസ്എഫിന്റെ പങ്കാളിത്ത ജ്വല്ലറികളിൽ നിന്ന് 500 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു കൂപ്പണും 500 ദിർഹത്തിന്റെ ഡയമണ്ട്, മുത്തുകൾ എന്നിവ വാങ്ങുന്നവർക്ക് രണ്ട് കൂപ്പണുകളും ലഭിക്കും. ഈ കൂപ്പണുകൾ വഴി നറുക്കെടുപ്പിൽ പങ്കെടുക്കാം.