കണ്ണൂരിലേക്ക് സർവീസ് നടത്താൻ 9 വിദേശവിമാനക്കമ്പനികൾ

Posted on: October 26, 2015

Emirates-A330-200-aircraft-

ദുബായ് : കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ 9 വിദേശ വിമാനക്കമ്പനികൾ തയാറെടുക്കുന്നു. ദുബായിൽ നിന്നു കണ്ണൂരിലേക്ക് സർവീസ് തുടങ്ങാനുള്ള അനുമതി തേടി എമിറേറ്റ്‌സ് ആണ് ആദ്യം കേന്ദ്ര വ്യോമായാന മന്ത്രാലയത്തെ സമീപിച്ചത്. ദുബായ് സിവിൽ ഏവിയേഷൻ അഥോറിട്ടി ഇതു സംബന്ധിച്ച് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് നയൻ ചൗബെക്ക് കത്ത് നൽകിക്കഴിഞ്ഞു.

കോഴിക്കോട്ടേക്ക് പ്രതിവാരം 11 ഫ്‌ളൈറ്റുകളാണ് എമിറേറ്റ്‌സിനുണ്ടായിരുന്നത്. വിമാനത്താവളം അടച്ചതോടെ മെയ് 15 മുതൽ ഇവ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമായി മാറ്റി. എയർബസ് എ 330-200, ബോയിംഗ് 777-300, ബോയിംഗ് 777-200 വിമാനങ്ങളാണ് എമിറേറ്റ്‌സ് കേരളത്തിലേക്കുള്ള സർവീസിന് ഉപയോഗിക്കുന്നത്.

എമിറേറ്റ്‌സിന് പിന്നാലെ ഇത്തിഹാദ് എയർവേസ് (അബുദാബി), ഖത്തർ എയർവേസ് (ദോഹ), സൗദിയ (ജിദ്ദ), ഒമാൻ എയർ (മസ്‌ക്കറ്റ്), എയർ അറേബ്യ (ഷാർജ), ഫ്‌ളൈ ദുബായ് (ദുബായ്), കുവൈറ്റ് എയർവേസ് (കുവൈറ്റ്), മാൽഡിവിയൻ എയർലൈൻസ് (മാലി) എന്നീ വിമാനക്കമ്പനികളും കണ്ണൂരിലേക്ക് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, ജെറ്റ് എയർവേസ്, സ്‌പൈസ്‌ജെറ്റ് എന്നിവയും കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും 2016 മധ്യത്തോടെ പൂർണതോതിലുള്ള സർവീസ് തുടങ്ങാനായേക്കുമെന്നാണ് പ്രതീക്ഷ.