തോട്ടം മേഖല പ്രതിസന്ധിയിലേക്ക്

Posted on: September 27, 2015

Tea-Plantation-Munnar-Big

കൊച്ചി : ട്രേഡ് യൂണിയനുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ കേരളത്തിലെ തോട്ടം മേഖല പ്രതിസന്ധിയിലേക്ക്. തോട്ടം തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച് തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി കൂലിവർധനയെന്ന ആവശ്യത്തിൽ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചൊവ്വാഴ്ച പ്ലാന്റേഷൻ ലേബർ കമ്മിറ്റി വീണ്ടും യോഗം ചേരുന്നുണ്ട്. മൂന്നാറിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമ നാളെ ആരംഭിക്കുന്ന സമരത്തിൽ പങ്കെടുക്കുന്നില്ല. 29 ലെ ചർച്ചയ്ക്കു ശേഷമെ സമരത്തെപ്പറ്റി ആലോചിക്കുകയുള്ളുവെന്ന് പെമ്പിളൈ ഒരുമയുടെ പ്രതിനിധികൾ പറഞ്ഞു. ഇവർ ഇന്നു രാവിലെ കോട്ടയത്ത് മുഖ്യമന്ത്രിയെ കണ്ട് ചർച്ചനടത്തി.

മിനിമം കൂലി 500 രൂപയാക്കാനുള്ള സാഹചര്യമല്ല തോട്ടം മേഖലയിൽ നിലവിലുള്ളതെന്ന് അസോസിയേഷൻ ഓഫ് പ്ലാന്റേഴ് കേരള ചെയർമാൻ വിനയരാഘവൻ വ്യക്തമാക്കി. കൂലി വർധന ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തോട്ടം ഉടമകളുടെ നിലപാട്.

അതേസമയം തോട്ടം തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ്, കമ്പിളി, കുട, രണ്ട് മുറിയുള്ള വീട് തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമായതായി തൊഴിൽ മന്ത്രി ഷിബു ബേബിജോൺ ചർച്ചയ്ക്കു ശേഷം വെളിപ്പെടുത്തി. മിനിമം കൂലി ഇപ്പോഴത്തെ 232 രൂപയിൽ നിന്ന് 500 രൂപയാക്കണമെന്ന നിലപാടിൽ ട്രേഡ് യൂണിയനുകൾ ഉറച്ച നിന്നതാണ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്.