ബിപിസിഎൽ കൊച്ചി പെട്രോകെം പദ്ധതി 2018 ൽ കമ്മീഷൻ ചെയ്യും

Posted on: September 20, 2015

Kochi-Refinery-big

കൊച്ചി : ഭാരത് പെട്രോളിയത്തിന്റെ കൊച്ചി പെട്രോകെമിക്കൽസ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗ്രീൻ ക്ലിയറൻസ് ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 4,000 കോടി രൂപയുടെ വായ്പയും അനുവദിച്ചിട്ടുണ്ട്. 5,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. എല്ലാ അനുമതികളും ലഭിച്ച സാഹചര്യത്തിൽ വൈകാതെ നിർമാണം പുനരാരംഭിക്കുമെന്ന് ബിപിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. വരദരാജൻ പറഞ്ഞു. 2018 ൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി റിഫൈനറിയുടെ വികസനത്തിന്റെ ഭാഗമായി 2011 ഡിസംബറിലാണ് പെട്രോകെമിക്കൽസ് പദ്ധതി പ്രഖ്യാപിച്ചത്. ബിപിസിഎല്ലും കൊറിയയിലെ എൽജി കെമും ചേർന്നുള്ള സംയുക്തസംരംഭമായാണ് പദ്ധതി ആരംഭിച്ചത്. 2013 ൽ എൽജി കെം പദ്ധതിയിൽ നിന്ന് പിൻമാറി. പിന്നീട് സ്‌പെഷ്യാലിറ്റി പ്രൊപ്പലിൻ ഡെറിവേറ്റീവ്‌സ്, സൂപ്പർ അബ്‌സോർബന്റ് പോളിമേഴ്‌സ് (സാപ്) എന്നിവ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ബിപിസിഎൽ ഔട്ട്‌റൈറ്റ് പർച്ചേസ് നടത്തുകയായിരുന്നു. ലോകത്ത് അഞ്ച് കമ്പനികൾക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യ കൈവശമുള്ളത്.