മാഗി നൂഡിൽസ് വില്പനയിൽ കനത്ത ഇടിവ്

Posted on: June 4, 2015

Maggi-Noodles-productline-B

കൊച്ചി : അനുവദനീയമായ അളവിൽ കവിഞ്ഞ് ഈയത്തിന്റെ അംശം കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് മാഗി നൂഡിൽസിന്റെ വില്പനയിൽ കനത്ത ഇടിവ്. നാല് സംസ്ഥാനങ്ങളിലെ വില്പന നിരോധനവും വ്യാപാരികൾ സ്റ്റോക്ക്എടുക്കാൻ മടിക്കുന്നതുമാണ് വില്പനയെ ബാധിച്ചത്.

ജാർഖണ്ഡും ഉത്തരാഖണ്ഡും മാഗി നൂഡിൽസ് വില്പന ഇന്നു മുതൽ നിരോധിച്ചു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശും ഇന്നലെ മുതൽ ഡൽഹി ഗവൺമെന്റും മാഗി നൂഡിൽസിന്റെ വില്പന തടഞ്ഞിരുന്നു. കരസേനയും ഫ്യൂച്ചർ ഗ്രൂപ്പും മാഗി വില്പന നിർത്തി. മാഗി നൂഡിൽസിലെ രാസവസ്തുക്കൾ കണ്ടെത്താൻ 9 സംസ്ഥാനങ്ങൾ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് പുറത്തുവന്നേക്കും.

കേരളവും മഹാരാഷ്ട്രയും ഗോവയും മാത്രമാണ് മാഗി നൂഡിൽസിന് ക്ലീൻ ചിറ്റ് നൽകിയിട്ടുള്ളത്. പക്ഷെ കേരളത്തിൽ മാഗി നൂഡിൽസിന്റെ വില്പന കുത്തനെ ഇടിഞ്ഞു. സപ്ലൈകോയും സംസ്ഥാനത്തെ ബേക്കറികളും മാഗി നൂഡിൽസിന്റെ വില്പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം മാഗി നൂഡിൽസിന്റെ നിരോധനം ചർച്ചചെയ്യാൻ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണർമാരുടെ യോഗം ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ വിളിച്ചുകൂട്ടിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് അറിഞ്ഞശേഷം മതി നിരോധനമെന്നാണ് കേന്ദ്രഗവൺമെന്റിന്റെ നിലപാട്. ഏത് അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് നെസ്‌ലെ പത്രക്കുറിപ്പിൽ അറിയിച്ചു.