തമിഴ്‌നാട്ടിൽ 7,000 കോടിയുടെ സോളാർപാർക്കുമായി അദാനി

Posted on: May 25, 2015

Solar-Park-Big

ചെന്നൈ : അദാനി ഗ്രൂപ്പ് തമിഴ്‌നാട്ടിൽ 7,000 കോടി രൂപ മുതൽമുടക്കി സോളാർ പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നു. 1000 മെഗാവാട്ടാണ് പാർക്കിന്റെ സ്ഥാപിത ശേഷി. ചെന്നൈയിൽ നിന്ന് 550 കിലോമീറ്റർ അകലെ രാമനാഥപുരം ജില്ലയിലെ കാമുത്തിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. സോളാർ പാർക്കിനായി 5,000 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. എട്ടുമാസത്തിനുള്ളിൽ പാർക്കിന്റെ നിർമാണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു.

തമിഴ്‌നാട് ഇലക് ട്രിസിറ്റി ബോർഡ് 2015 അവസാനത്തോടെ 3,000 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. നേരത്തെ ഗുജറാത്തിലും രാജസ്ഥാനിലും സോളാർ പാർക്കുകൾ സ്ഥാപിക്കുമെന്ന് അദാനി പവർ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ 10 വർഷത്തിനുള്ളിൽ 10,000 മെഗാവാട്ട് സോളാർ പാർക്കാണ് അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ചിട്ടുള്ളത്. 2022 ൽ ഒരു ലക്ഷം മെഗാവാട്ട് സൗരോർജ്ജ ഉത്പാദനമാണ് കേന്ദ്രഗവൺമെന്റ് ലക്ഷ്യമിടുന്നത്.