ഐസിഐസിഐ ബാങ്ക് : ടേം നിക്ഷേപം എഫ്ഡി എക്‌സ്ട്രാ അവതരിപ്പിച്ചു

Posted on: February 6, 2019

കൊച്ചി : ഐസിഐസിഐ ബാങ്ക് എഫ്ഡി എക്‌സ്ട്രാ ശ്രേണിയിലുള്ള സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും അവതരിപ്പിച്ചു. ടേം ഇന്‍ഷൂറന്‍സ്, ഭവന-വാഹന വായ്പകളുടെ തുടക്കത്തിലെ പണമടക്കല്‍, റിട്ടയര്‍മെന്റ് പ്ലാനിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാ പരിപാടികള്‍ നേരിടാന്‍ സഹായകമായ രീതിയിലാണ് ഈ പുതിയ നിക്ഷേപ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിക്ഷേപകരുടെ സവിശേഷതകള്‍ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും സമാനമായ പദ്ധതികളായാണ് സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും പല ഉപഭോക്താക്കളും പ്രയോജനപ്പെടുത്തി വന്നിരുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്കിന്റെ റീട്ടെയില്‍ ലയബലിറ്റീസ് വിഭാഗം മേധാവി പ്രണവ് മിശ്ര പറഞ്ഞു. സാമ്പത്തിക വിപണികളിലെ ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് ടേം നിക്ഷേപങ്ങളോട് താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്ഡി ലൈഫ് എന്ന പേരിലാണ് എഫ്ഡി എക്‌സ്ട്രാ ശ്രേണിയിലെ ആദ്യ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. 18-50 വയസിനുള്ളവര്‍ക്ക് സ്ഥിര നിക്ഷേപത്തിലൂടെ നിക്ഷേപ വളര്‍ച്ചയും ഒരു വര്‍ഷത്തേക്ക് സൗജന്യ ടേം ഇന്‍ഷൂറന്‍സിലൂടെ സുരക്ഷിതത്വവും നല്‍കുന്നതാണ് പദ്ധതി. കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കെങ്കിലും കാലാവധിയുള്ള മൂന്നു ലക്ഷം രൂപ മുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സില്‍ നിന്ന് മൂന്നു ലക്ഷം രൂപയുടെ സൗജന്യ ടേം ഇന്‍ഷൂറന്‍സ് ലഭിക്കുക.

നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ ഓരോ മാസവും കമ്പനിയുടെ മ്യൂചല്‍ ഫണ്ടുകളില്‍ എസ്‌ഐപി ആയി നിക്ഷേപിക്കാന്‍ സഹായിക്കുന്നതാണ് അടുത്ത പദ്ധതിയായ എഫ്ഡി ഇന്‍വെസ്‌ററ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള രണ്ടു ലക്ഷം രൂപ മുതലുള്ള സ്ഥിര നിക്ഷേപങ്ങളിലാണ് ഈ സൗകര്യമുള്ളത്.

സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും കാലാവധിക്കു ശേഷം തങ്ങള്‍ക്കു യോജിച്ച രീതിയില്‍ തിരികെ ലഭിക്കുന്ന എഫ്ഡി ഇന്‍കം ആണ് മറ്റൊരു പദ്ധതി. നിക്ഷേപകര്‍ തീരുമാനിക്കുന്ന കാലയളവിലേക്ക് പ്രതിമാസ വരുമാനമായി ഇതു ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ 30 ശതമാനം കാലാവധി കഴിയുമ്പോള്‍ വാങ്ങുകയും ശേഷിക്കുന്നത് പ്രതിമാസ വരുമാനം ലഭിക്കുന്ന രീതിയില്‍ നിക്ഷേപിക്കുകയും ചെയ്യാം.

TAGS: ICICI BANK |