ആക്‌സിസ് ബാങ്കിന്റെ ആക്‌സിസ് ടാപ് ആന്റ് പേ

Posted on: October 10, 2018

കൊച്ചി : സ്വകാര്യ മേഖല ബാങ്കായ ആക്‌സിസ് ബാങ്ക് മൊബൈല്‍ അധിഷ്ഠിത ആക്‌സിസ് ടാപ് ആന്റ് പേ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് കച്ചവടക്കാരുടെ ടെര്‍മിനലുകളുമായി സമ്പര്‍ക്കമില്ലാതെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്പ് ഉപയോഗിച്ചു പണമടക്കല്‍ നടക്കാന്‍ ഇതു സൗകര്യം നല്‍കും.

ആക്‌സിസ് ബാങ്ക് നല്‍കിയിട്ടുള്ള എല്ലാ മാസ്റ്റര്‍, വീസാ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും ഈ സൗകര്യം ലഭ്യമാണ്. ഹോസ്റ്റ് കാര്‍ഡ് എമുലോഷന്‍ എന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് അതിവേഗത്തിലുള്ളതും സുരക്ഷിതവുമായ ഈ രീതി അവതരിപ്പിച്ചിട്ടുള്ളത്.

ആപ്ലിക്കേഷന്‍ ഉപയോഗിക്കാനായി ഉപഭോക്താക്കള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആക്‌സിസ് ടാപ് ആന്റ് പേ ആപ്പ് ഡൗണ്‍ലോഡു ചെയ്യുകയും ആക്‌സിസ് ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി കോണ്‍ടാക്ട്‌ലെസ് പണമടക്കല്‍ സംവിധാനം സജീവമാക്കുകയും വേണം. ഇതിനു ശേഷം എന്‍ എഫ് സി സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ കോണ്‍ടാക്ട്‌ലെസ് പി ഒ എസ് മിഷ്യനില്‍ ടാപ് ചെയ്തു കൊണ്ട് പണമടക്കല്‍ നടത്താനാവും. ഇതിനായി പ്ലാസ്റ്റിക് കാര്‍ഡ് കൊണ്ടു നടക്കേണ്ട ആവശ്യവും ഇല്ല.

പുതിയ സംവിധാനത്തിലൂടെ പണമടക്കലുകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നും പ്ലാസ്റ്റിക് കാര്‍ഡ് കൊണ്ടു നടക്കേണ്ട ആവശ്യം ഇല്ലാതാകുമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്റ് മെര്‍ച്ചന്റ് അക്വയറിംഗ് ബിസിനസ് വിഭാഗം മേധാവി സഞ്ജീവ് മോഘെ ചൂണ്ടിക്കാട്ടി.