എസ് ബി ഐ യോനോയ്ക്ക് 10 ദശലക്ഷം ഡൗണ്‍ലോഡുകള്‍

Posted on: October 3, 2018

കൊച്ചി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍വീസ് പ്ലാറ്റ്‌ഫോമായ യു ഓണ്‍ലി നീഡ് വണ്‍ (യോനോ) 10 ദശ ലക്ഷം ഡൗണ്‍ലോഡുകള്‍ മറികടന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നുമുള്ള കണക്കാണിത്.

യോനോ പുറത്തിറക്കിയ ശേഷം ഇത് വരെ 25 പുതിയ മെര്‍ച്ചന്റ്‌സിനെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഐആര്‍സിടിസി, ബുക്ക് മൈ ഷോ, എസ്ഒറ്റിസി, എക്‌സ്പീഡിയ, കിന്‍ഡില്‍, ബുക്കിംഗ്.കോം, മൊസാര്‍ട്ടോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്, ഹ്യൂണ്ടായ്, ഫോര്‍ഡ് എന്നയും യോനോയുടെ ഭാഗമാണ്. എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനായി റിലയന്‍സ് ജിയോയുമായി ധാരണാ പത്രം ഒപ്പുവെച്ചിട്ടുണ്ട്.

10 ദശലക്ഷം ഡൗണ്‍ലോഡുകള്‍ എന്ന നേട്ടം വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടാനായത് അഭിമാനാര്‍ഹമാണ്. ഉപഭോക്താക്കള്‍ യോനോ ഇഷ്ടപ്പെടുന്നതിലും സ്വീകരിക്കുന്നതിലും ഏറെ സന്തോഷമുണ്ട്. കൂടുതല്‍ നവീനമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഈ നേട്ടം പിന്തുണയാകുമെന്നും എസ് ബി ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

പരമ്പരാഗത സേവനങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ചുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ സംവിധാനമാണ് യോനോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നീ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയാണ് യോനോ തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി യോനോ ലഭിക്കും. അറുപതോളം ഇ കോമേഴ്‌സ് സൈറ്റുകളില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ആണ് യോനോ.

TAGS: SBI YONO |