ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ ഫെഡറൽ ബാങ്ക് ഫെഡ്കണക്റ്റ്

Posted on: September 7, 2018

കൊച്ചി : ദുരിതബാധിതർക്ക് സുഗമമായി സഹായം എത്തിക്കുന്നതിനായി ഫെഡറൽ ബാങ്ക് ഫെഡ്കണക്റ്റ് എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്കായി സഹായം എത്തിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ദുരിതബാധിതർക്ക് തങ്ങളുടെ സഹായ അഭ്യർഥനകൾ അറിയിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്.

ഏതാനും ക്ലിക്കുകളിലൂടെ ആർക്കും ദുരിതബാധിതർക്ക് സഹായം എത്തിക്കാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഇൻറർനെറ്റ് ബാങ്കിങ്, യു പി ഐ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് 2500 രൂപ മുതലുള്ള സഹായധനം ആപ്പിലൂടെ ദുരിതബാധിതർക്ക് എത്തിക്കാം.

സഹായം ആവശ്യമുള്ള വ്യക്തിക്ക് ആപ്പിലൂടെ സഹായാഭ്യർഥന നടത്താം. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഈ സഹായ അഭ്യർഥനയുടെ സത്യാവസ്ഥയും ആധികാരികതയും അന്വേഷിച്ച് ഉറപ്പ് വരുത്തുകയും ലഭ്യമായ സഹായധനം അവരിലേക്ക് എത്തിക്കുകയും ചെയ്യും.

ആപ്പിലൂടെ നൽകുന്ന തുകയുടെ അൻപത് ശതമാനം ഇൻകം ടാക്‌സ് ആക്ടിൻറെ 80 ജി പ്രകാരം ഡിഡക്ഷന് വിധേയമാക്കുകയും ചെയ്യാം. സുതാര്യമായ സംവിധാനമാണ് ആപ്പിലൂടെ ഒരുക്കിയിട്ടുള്ളത്. അർഹരായവരിലേക്ക് മാത്രം സഹായം എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

TAGS: Federal Bank |