ഡിജിറ്റല്‍ പങ്കാളിത്തം ശക്തമാക്കാന്‍ ജിയോ എസ്ബിഐ സഖ്യം

Posted on: August 13, 2018

കൊച്ചി: ഡിജിറ്റല്‍ ബാങ്കിംഗ്, പേമെന്റ്, വാണിജ്യം എന്നിവയില്‍ പുതിയ അനുഭവം ലഭ്യമാക്കുന്നതിന് പേമെന്റ് ബാങ്കും (റിലയന്‍സും എസ്ബിഐയും ചേര്‍ന്നുള്ള 70:30 സംയുക്ത സംരംഭം)എസ്ബിഐയും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കും.

എസ്ബിഐയുടെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ആയ എസ്ബിഐ യോനോയുടെ ഡിജിറ്റല്‍ ബാങ്കിംഗ്, മറ്റു ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ റിലയന്‍സ് മൈ ജിയോ പ്ലാറ്റ്‌ഫോം ആയ ജിയോ പ്രൈം വഴി പ്രയാസമില്ലാതെ ഇടപാടുകാര്‍ക്കു ലഭ്യമാക്കും. എസ്ബിഐ ഇടപാടുകാര്‍ക്ക് ജിയോ പ്രത്യേക കണക്ടിവിറ്റി ലഭ്യമാക്കും. റിലയന്‍സ് റീട്ടെയില്‍, ജിയോ, മറ്റ് പാര്‍ട്ണര്‍ ബ്രാന്‍ഡുകള്‍, വ്യാപാരികള്‍ തുടങ്ങിയവയുമായി എസ്ബിഐ ഇടപാടുകാര്‍ക്ക് മാത്രമായി തനതായ ഇടപാടു നടത്താന്‍ ജിയോ പ്രൈം സൗകര്യമൊരുക്കും.

ഇതിനു പുറമേ, നിലവിലുള്ള എസ്ബിഐയുടെ ലോയല്‍റ്റി പദ്ധതികള്‍ (എസ്ബിഐ റിവാര്‍ഡ്‌സ്) ജിയോ പ്രൈമിന്റെ പദ്ധതികളുമായി സംയോജിപ്പിക്കും. ഇതുവഴി കൂടുതല്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ നേടുവാന്‍ സാധിക്കും. ഈ ലോയല്‍റ്റി പോയിന്റുകള്‍ റിലയന്‍സ്, ജിയോ, മറ്റ് ഓണ്‍ലൈന്‍ പങ്കാളികള്‍ എന്നിവയില്‍ റിഡീം ചെയ്യാനും അവസരമുണ്ടാക്കും.

എസ്ബിഐ ഇടപാടുകാര്‍ക്ക് ജിയോ ഫോണ്‍ പ്രത്യേക ഓഫറില്‍ ലഭ്യമാക്കും. നെറ്റ്‌വര്‍ക്ക്, കണക്ടിവിറ്റി സൊലൂഷന്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അതു ലഭ്യമാക്കുന്നതിലും ജിയോ എസ്ബിഐയുടെ ഏറ്റവും മുന്‍നിരയിലുള്ള പങ്കാളിയായിരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ്‌കുമാര്‍ പറഞ്ഞു. ജിയോയുമായുള്ള ബന്ധം ഗ്രാമ-നഗരങ്ങളില്‍ കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Reliance Jio | SBI |