ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്ക് മുഖേന യുപിഐ പണമടക്കൽ സംവിധാനം

Posted on: March 21, 2018

കൊച്ചി : ബിഎസ്എൻഎൽ . ഉപഭോക്താക്കൾക്ക് യു.പി.ഐ. മുഖേന പണമടക്കൽ സംവിധാനം ഏർപ്പെടുത്താൻ ഫെഡറൽ ബാങ്കും ബിഎസ്എൻഎല്ലും തമ്മിൽ ധാരണ. ബിഎസ്എൻഎല്ലിന്റെ എല്ലാ ലാൻഡ്‌ലൈൻ, മൊബൈൽ ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ വെബ്‌സൈറ്റിലൂടെ ഫെഡറൽ ബാങ്കിന്റെ പിന്തുണയോടെ യൂണിഫൈഡ് പേമെന്റ് ഇന്റർഫസ് എന്ന യു.പി.ഐ. സംവിധാനം ഉപയോഗിച്ച് തങ്ങളുടെ ബില്ലുകളടക്കുകയും മൊബൈൽ റീചാര്ജു നടത്തുകയും ചെയ്യാം. ഉപഭോക്താവിന്റെ ഏത് യു.പി.ഐ. ആപ്പ് ഉപയോഗിച്ചും ഇതു ചെയ്യാനാവും. ഇതിനായി യുപിഐ വെർച്വൽ പേമെന്റ് വിലാസം ഉണ്ടായിരിക്കണം എന്നു മാത്രം. ഈ വിലാസം ഇല്ലാത്തവർക്ക് ഭീം ലോട്ട്‌സ യുപിഐ ആപ്പോ മറ്റേതെങ്കതിലും യുപിഐ പി.എസ്.പി. ആപ്പോ ഉപയോഗിച്ച് ഇതു നേടുകയും ചെയ്യാം.

ഉപഭോക്താക്കൾക്ക് www.bsnl.co.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ബി.എസ്.എൻ.എല്ലിന് ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം താൽപ്പര്യമുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇതിനായി ലാൻഡ് ലൈൻ, മൊബൈൽ, റീചാർജ് തുടങ്ങിയവയിൽ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കുകയും പണമടക്കേണ്ട രീതികളിൽ നിന്ന് യുപിഐ തെരഞ്ഞെടുക്കുകയും വേണം. ഇതിനു ശേഷം ഫെഡറൽ ബാങ്ക് തെരഞ്ഞെടുത്ത് വെർച്വൽ പെയ്‌മെന്റ് വിലാസം നൽകുകയും തുടരുകയും ചെയ്യാം. മൊബൈലിൽ വെർച്വൽ പെയ്‌മെന്റ് വിലാസവുമായി ബന്ധപ്പെട്ട യുപിഐ ആപ്പ് തുറക്കുകയും റിക്വസ്റ്റ് നോട്ടിഫിക്കേഷൻ സ്വീകരിക്കാനുള്ള ഭാഗത്തു ക്ലിക്കു ചെയ്യുകയും യുപിഐ പിൻ ഉപയോഗിച്ച് പണമടക്കൽ നടത്തുകയും ചെയ്യാം. ഇടപാട് പൂർണ്ണമാക്കാൻ വെബ്‌സൈറ്റിൽ തുടരാനായുള്ള ഭാഗത്തു ക്ലിക്കു ചെയ്യുകയും രസീത് നേടുകയും ചെയ്യാം.

TAGS: Federal Bank |