എസ് ബി ഐ കൊച്ചിയിൽ ഗ്ലോബൽ എൻആർഐ സെന്റർ തുറന്നു

Posted on: February 20, 2018

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് ഏറ്റവുമധികം എൻആർഐ നിക്ഷേപങ്ങൾ എത്തുന്ന കേരളത്തിൽ – കൊച്ചിയിൽ ഗ്ലോബൽ എൻആർഐ സെന്റർ തുറന്നു. എൻആർഐ അനുബന്ധ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ എൻആർഐ സെന്റർ. എൻആർഐ ഉപഭോക്താക്കൾക്ക് വെൽത്ത് മാനേജ്‌മെന്റ്, എസ്ബിഐ ഇന്റലിജന്റ് അസിസ്റ്റ്, ഫ്രീ പോസ്റ്റ് ബോക്‌സ് സർവീസ്, എസ്ബിഐ മിംഗിൾ, യുഎസിലെ ഉപഭോക്താക്കൾക്ക് റെമിറ്റൻസ് സേവനം തുടങ്ങിയവ ഗ്ലോബൽ എൻആർഐ സെന്ററിൽ ലഭിക്കും. 2018 ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം 33 ലക്ഷം എൻആർഐ ഉപഭോക്താക്കളാണ് എസ് ബി ഐ ക്കുള്ളത്. 16 സർക്കിളുകളിലായി 66 സ്ഥലങ്ങളിൽ 92 എൻആർഐ ശാഖകളും നിരവധി എൻആർഐ ഇന്റൻസീവ് ശാഖകളും എസ് ബി ഐക്കുണ്ട്.

എസ് ബി ഐ ശാഖകൾ, ഉപഭോക്താക്കൾ, റിലേഷൻഷിപ്പ് മാനേജർമാർ, റെപ്രസന്റേറ്റീവ് ഓഫീസുകൾ, ഫോറിൻ ഓഫീസുകൾ എന്നിവയുമായി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാനുള്ള കേന്ദ്രം കൂടിയാണ് ഗ്ലോബൽ എൻആർഐ സെന്റർ. ലോകത്തിന്റെ ഏത് ഭാഗത്തുള്ള എൻആർഐ ഉപഭോക്താവിനും ബാങ്കിംഗ് സേവനങ്ങൾ ഓൺലൈനായി ഗ്ലോബൽ എൻആർഐ സെന്ററിൽ നിന്നും ലഭിക്കും. അക്കൗണ്ട് തുറക്കൽ, വായ്പകൾക്കുള്ള തത്വത്തിലുള്ള അംഗീകാരം, റെമിറ്റൻസ്, സാങ്കേതിക വിദ്യകൾ എന്നീ സേവനങ്ങൾ പലിശീലനം സിദ്ധിച്ച ജീവനക്കാരിലൂടെ 24×7 സമയവും ലഭിക്കും.

എൻആർഐ ഉപഭോക്താക്കളുടെ എണ്ണത്തിൽ സ്ഥിരതയാർന്ന വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് ഗ്ലോബൽ എൻആർഐ സെന്റർ ഉദ്ഘാടനം ചെയ്ത് എസ് ബി ഐ ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എല്ലാ ഉത്പന്നങ്ങളും എൻആർഐ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനാലാണ് എൻആർഐ ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ കേന്ദ്രീകൃത രീതിയിൽ ഗ്ലോബൽ എൻആർഐ സെന്ററിലൂടെ നൽകുന്നത്.

സാങ്കേതികമായ മുന്നേറ്റം കൂടുതൽ സാധ്യതകൾ സൃഷ്ടിക്കുമെന്നും പണമിടപാടുകളിലെ ക്രമക്കേടിനുള്ള സാധ്യതകൾ ഇല്ലാതാക്കാനാകുമെന്നും അദേഹം കൂട്ടിച്ചേർത്തു. നിയമപരമായി പണം അയക്കുന്നതിനുള്ള പ്രവണത കൂടുതൽ പേർ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ വഴിതെളിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി.