വിദേശത്ത് രണ്ട് പ്രതിനിധി ഓഫിസുകൾ കൂടി ആരംഭിക്കാൻ ഫെഡറൽ ബാങ്കിന് അനുമതി

Posted on: November 12, 2017

കൊച്ചി : കുവൈറ്റിലും സിംഗപ്പൂരിലും പ്രതിനിധി ഓഫിസുകൾ ആരംഭിക്കാൻ ഫെഡറൽ ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. അബുദാബിയിലും ദുബായിലും ഫെഡറൽ ബാങ്കിന് നിലവിൽ പ്രതിനിധി ഓഫിസുകളുണ്ട്. ഇന്ത്യയിലേക്കു പണമയ്ക്കൽ നടത്താനായി 110 ൽ ഏറെ വിദേശ ബാങ്കുകളുമായും റെമിറ്റൻസ് പാർട്ട്ണർമാരുമായും ഫെഡറൽ ബാങ്കിന് നിലവിൽ ധാരണയുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലേക്കുള്ള വ്യക്തിഗത പണമയ്ക്കലുകളുടെ ഏതാണ്ട് 15 ശതമാനം ഫെഡറൽ ബാങ്കാണ് കൈകാര്യം ചെയ്തത്. അതത് രാജ്യങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രതിനിധി ഓഫിസുകൾ പ്രവർത്തനമാരംഭിക്കും. ദുബായ് ഡി.ഐ.എഫ്.സി.യിൽ ശാഖ ആരംഭിക്കുന്നതിനും ബഹറൈനിൽ പ്രതിനിധി ഓഫിസ് ആരംഭിക്കുന്നതിനും ഇതിനകം തന്നെ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രണ്ടു പുതിയ പ്രതിനിധി ഓഫിസുകൾ ആരംഭിക്കാൻ റിസർവ് ബാങ്ക് നൽകിയ അനുമതി തങ്ങളെ ആഹ്ലാദഭരിതരാക്കുന്നു എന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ്ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ തങ്ങൾ നൽകി വരുന്ന സേവനങ്ങൾ ശക്തമാക്കാനും സിംഗപ്പൂരിലെ വിദേശ ഇന്ത്യക്കാർക്ക് ഇതേ രീതിയിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനും ഈ പുതിയ അനുമതികൾ സഹായകമാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

TAGS: Federal Bank |