കൊട്ടക് മഹീന്ദ്ര ബാങ്കും സെറ്റയും പേമിന്റ് മൾട്ടി വാലറ്റ് പുറത്തിറക്കുന്നു

Posted on: October 25, 2017

കൊച്ചി : കൊട്ടക് മഹീന്ദ്ര ബാങ്കും ഫിൻടെക് കമ്പനിയായ സെറ്റയും പേമിന്റ് മൾട്ടി വാലറ്റ് ഡിജിറ്റൽ പ്രീ പെയ്ഡ് സൊലൂഷൻ പുറത്തിറക്കുന്നു. കമ്പനികളും അവരുടെ ജീവനക്കാർക്കു നൽകുന്ന ബഹുമുഖ ആനുകൂല്യങ്ങൾ എളുപ്പത്തിൽ, സുരക്ഷിതവും കടലാസ് രഹിതവുമായി ഒറ്റ പ്ലാറ്റ്‌ഫോമിൽ കൂടി ലഭ്യമാക്കുന്നതാണ് പേമിന്റ് മൾട്ടി വാലറ്റ്.

ഭക്ഷണ വൗച്ചർ, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, ലീവ് ട്രാവൽ അലവൻസ്, സമ്മാന കൂപ്പൺ, യാത്രാബത്ത, ഇന്ധന ബത്ത, ഡ്രൈവറുടെ ശമ്പളം തുടങ്ങി കമ്പനികൾ അവരുടെ ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ മുൻകൂർ ഡിജിറ്റലായി നൽകുവാൻ സഹായിക്കുന്നതാണ് പേമിന്റ് മൾട്ടി വാലറ്റ്. ഇതുവഴി ജീവനക്കാരെ ഏറ്റവും മികച്ച നികുതിയാനുകൂല്യങ്ങൾ നേടുവാനും സഹായിക്കുന്നു.

റുപേ പേമിന്റ് കാർഡ്, സ്മാർട്ട്‌ഫോൺ, ഡെസ്‌ക്‌ടോപ് എന്നിവയിൽ ലഭ്യമാക്കുന്ന സെറ്റ ആപ്, സെറ്റ സൂപ്പർ ടാഗ് എന്നിവ വഴിയാണ് ഈ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് മുൻകൂറായി ലഭ്യമാക്കുന്നത്. സെറ്റ ആപ് വഴി അതിന്റെ ഉപയോക്താക്കൾക്ക് പേമന്റ്, ക്ലെയിം നൽകൽ, ക്ലെയിം നടപടിക്രമങ്ങളുടെ നീക്കം മനസിലാക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാം.

ഡിജിറ്റലായി റീഇംബേഴ്‌സ് മാനേജ് ചെയ്യാൻ തൊഴിൽദാതാക്കളെ പേമിന്റ് പ്രാപ്തമാക്കുന്നു. കമ്പനികൾക്ക് ബില്ലുകളും മറ്റും ശേഖരിച്ചു സൂക്ഷിച്ചുവച്ചു പരിശോധിക്കേണ്ട ആവശ്യം വരുന്നില്ല. പരിശോധനകൾ സെറ്റ ടീം നടത്തുകയും ബില്ലുകൾ എല്ലാം ഏഴു വർഷത്തേക്കു ഡിജിറ്റലായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.

പേമിന്റ് വഴി ഡിജിറ്റലായും വളരെ ലളിതമായും ആനുകൂല്യങ്ങൾ നൽകുവാനും അതുവഴി മാക്‌സിമം നികുതി ലാഭ ആനുകൂല്യം ജീവനക്കാർക്കു ലഭ്യമാക്കുവാനും സാധിക്കുന്നു –  കൊട്ടക് മഹീന്ദ്ര ബാങ്ക് സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി സ്വാമിനാഥൻ പറഞ്ഞു. ഡിജിറ്റൽ ചാനൽ ഉപയോഗിച്ച് ഇടപാടുകാർക്ക് മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുവാനും തടസങ്ങൾ നീക്കി നടപടിക്രമങ്ങൾ ലളിതമാക്കുവാനും സഹായിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

കൊട്ടക് മഹീന്ദ്ര ബാങ്കുമായുള്ള പങ്കാളിത്തം കൂടുതൽ കമ്പനികളിലും ജീവനക്കാരിലും എത്തിച്ചേരാൻ സഹായകമാകുമെന്ന് സെറ്റയുടെ കോ ഫൗണ്ടറും സിടിഒയുമായ രാംകി ഗദ്ദിപടി പറഞ്ഞു.