ഐസിഐസിഐ ബാങ്ക് ട്രൂക്കോളറുമായി ധാരണയിൽ

Posted on: April 9, 2017

കൊച്ചി : ഐസിഐസിഐ ബാങ്ക് യുപിഐ അധിഷ്ഠിത മൊബൈൽ പേമെന്റ് സർവീസിനായി സ്വീഡിഷ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ട്രൂക്കോളറുമായി സഹകരിക്കുന്നു. ട്രൂക്കോളർ പേ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആപ്പിന്റെ ലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കൾക്ക് ഞൊടിയിടയിൽ യുപിഐ ഐഡി സൃഷ്ടിച്ച് ഏത് യുപിഐ ഐഡിയിലേക്കും ഭീം ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്കും പണം അയക്കാം. ട്രൂക്കോളർ ആപ്പിലൂടെ തന്നെ ഉപയോക്താവിന് മൊബൈൽ നമ്പർ റീച്ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഈ സഹകരണത്തോടെ ട്രൂക്കോളർ-ഐസിഐസിഐ പ്ലാറ്റ്‌ഫോം 15 കോടി ഉപഭോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേമെന്റ് സംവിധാനമായി മാറിയിരിക്കുകയാണ്. ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവർ ഉൾപ്പടെ ട്രൂക്കോളർ ആപ്പ് ഉപയോഗിക്കുന്ന ആർക്കും ഏതു ബാങ്കിന്റെ അക്കൗണ്ടുമായും ലിങ്ക് ചെയ്ത് യുപിഐ ഐഡി സൃഷ്ടിച്ച് സുരക്ഷിതമായി പേയ്‌മെന്റ് നടത്താവുന്നതാണെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽ മേധാവിയും സീനിയർ ജനറൽ മാനേജരുമായ അബോന്റി ബാനർജി പറഞ്ഞു.