കോട്ടക് മഹീന്ദ്ര ബാങ്ക് ഡിജിലോക്കർ ആരംഭിച്ചു

Posted on: March 11, 2017

കൊച്ചി : കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയെയും കാഷ്‌ലെസ് പദ്ധതിയെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കോട്ടക് മഹീന്ദ്ര ബാങ്ക് നെറ്റ്ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ഡിജിലോക്കർ സൗകര്യം ഏർപ്പെടുത്തുന്ന ആദ്യത്തെ ബാങ്കായി. ഈ പ്ലാറ്റ്‌ഫോം വഴി പേപ്പർ ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് ഒഴിവാക്കാനാകും. ആധാറുമായി ലിങ്ക് ചെയ്ത ഡോക്യുമെന്റുകൾ ഡിജിലോക്കർ പങ്കാളി സ്ഥാപനങ്ങളിൽ നിന്ന് ഓട്ടോമാറ്റിക്കായി ലഭ്യമാക്കാനാകും. ഉപഭോക്താക്കൾക്ക് ചില വിശദാംശങ്ങൾ നൽകിക്കൊണ്ട് മുൻകൂർ പരിശോധിച്ചുറപ്പിച്ച ഡോക്യുമെന്റുകൾ സ്വയം ഡൗൺലോഡ് ചെയ്‌തെടുക്കാം.

ഡിജിലോക്കർ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കൾക്ക് ഒരു സാധുതയുള്ള ആധാർ നമ്പർ മതിയാകും. 1 ജിബി സ്റ്റോറേജ് ശേഷിയുള്ള സൗജന്യ സേവനമാണിത്. ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള ഡോക്യുമെന്റുകളുടെ പകർപ്പുകൾ ഡിജിലോക്കറിൽ അവർക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇമെയിൽ വഴി ആരുമായും അവ പങ്കിടാം മാത്രമല്ല ഇസൈൻ സൗകര്യം ഉപയോഗിച്ച് ഇലക്‌ട്രോണിക്കായി സൈൻ ചെയ്യാനുമാകും. കോട്ടക് നെറ്റ് ബാങ്കിംഗ് വഴി ഡിജിലോക്കറിലേക്ക് ഒറ്റ സൈൻ-ഓൺ ആക്‌സസ് കോട്ടക് മഹീന്ദ്ര ബാങ്ക് നൽകിയിട്ടുണ്ട്.

ഡിജിറ്റൽവത്കരണത്തിനും ഇന്ത്യയെ കാഷ്‌ലെസ് ആക്കുന്നതിനുമുള്ള സർക്കാരിന്റെ പദ്ധതിയെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി കോട്ടക് മഹീന്ദ്ര ബാങ്ക്, കൺസ്യൂമർ ബാങ്കിംഗ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു. പേപ്പർ രഹിത ഗവേണൻസിനെയാണ് ഡിജിലോക്കർ ലക്ഷ്യമിടുന്നത്. ഒറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ സുപ്രധാന ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനും ആക്‌സസ് ചെയ്യുന്നതിനുമുള്ള സൗകര്യം ഇത് ഉപഭോക്താക്കൾക്ക് നൽകുന്നതായി ശാന്തി ഏകാംബരം ചൂണ്ടിക്കാട്ടി.