പെപ്പർ വൈൻ ഹോട്ടൽ ഫെഡറൽ ബാങ്ക് ഏറ്റെടുത്തു

Posted on: February 13, 2017

കൊച്ചി : വായ്പ എടുത്ത ഇനത്തിൽ 11 കോടിരൂപയുടെ തിരിച്ചടവ് മുടക്കിയ തേക്കടിയിലെ ത്രീ സ്റ്റാർഹോട്ടലായ ദി പെപ്പർ വൈൻ ഫെഡറൽ ബാങ്ക് കൈവശമെടുത്തു. ഡാഫിൻ ഹോട്ടൽ ആൻഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ഹോട്ടൽ. നേരത്തേ സമനാമായ രീതിയിൽവായ്പാ തിരിച്ചടവ് മുടക്കിയ തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ദി എലഫന്റ്‌കോർട്ടും ഫെഡറൽ ബാങ്ക് കൈവശമെടുത്തിരുന്നു. ഏതാണ്ട് 25 കോടിയിലധികം രൂപയായിരുന്നു കുടിശിക. സർഫാസി നിയമപ്രകാരമാണ് രണ്ടു ഹോട്ടലുകൾക്കുമെതിരെ ബാങ്ക് നടപടി എടുത്തത്.

പെപ്പർ വൈൻ എന്ന ഹോട്ടലിന്റെ നിർമാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി ഫെഡറൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഡാഫിൻ ഹോട്ടൽസ് ആൻഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്‌ഹോട്ടൽ പണി പൂർത്തിയാക്കി പൂർണമായും പ്രവർത്തനസജ്ജമായിട്ടും വായ്പ തിരിച്ചടയ്ക്കാതെ 2015 ജൂൺ മുതൽ മനപ്പൂർവം നിഷ്‌ക്രിയ ആസ്തിസൃഷ്ടിക്കുകയായിരുന്നു. സർഫാസി ആക്ട് പ്രകാരം ബാങ്ക് സ്വീകരിച്ച നടപടികൾ വിവിധ മേഖലകളിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുകയുംവിവിധ നിയമസ്ഥാപനങ്ങളിലൂടെ ബാങ്കിന്റെ നടപടികൾ വൈകിപ്പിക്കുന്ന വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാകുകയും ചെയ്തു. പൊതുപണം സംരക്ഷിക്കാനായി ബാങ്ക് നടത്തിയ നിയമപോരാട്ടങ്ങൾ വിജയിക്കുകയായിരുന്നു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർഹോട്ടലുകൾക്കെതിരായ ബാങ്കിന്റെ നടപടികൾ ബാങ്കിംഗ് ചരിത്രത്തിൽ അത്യപൂർവ്വ നടപടിയാണ്.

തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവു ലഭിച്ചതിനെ തുടർന്ന് കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറുടേയും ലോക്കൽ പോലീസിന്റെയുംസഹായത്തോടെ ഫെബ്രുവരി നാലിനാണ് ഹോട്ടലിന്റെ ഉടമസ്ഥാവകാശം ബാങ്ക് കൈവശമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ നടപടികളുടെ ഭാഗമായി വായ്പക്കാർ എറണാകുളം ഡിആർടിയെ സമീപിപ്പിച്ച തൽസ്ഥിതി തുടരുന്നതിനുള്ള ഉത്തരവ് വാങ്ങിയിരുന്നു. മൂന്നു കോടിരൂപ അടയ്ക്കണമെന്ന ഡിആർടിയുടെ നിർദേശം സമയത്ത് പാലിക്കാനാകാതെ വന്നതിനെതുടർന്ന് നിയമനടപടികളുമായിമുന്നോട്ടുപോകാൻ ബാങ്കിന് അനുമതി ലഭിക്കുകയായിരുന്നു. ബാങ്കിന്റെ നടപടികളെഹൈക്കോടതിയിലുംവായ്പക്കാർ ചോദ്യം ചെയ്‌തെങ്കിലും ഹൈക്കോടതി നിർദ്ദേശിച്ചതു പ്രകാരമുള്ള തുക പറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചടയ്ക്കാനും വായ്പക്കാർക്ക് സാധിച്ചില്ല.

തുടർന്ന് വായ്പക്കാർ ഡിവിഷൻ ബഞ്ചിൽ റിട്ട് സമർപ്പിച്ചപ്പോൾ 2.5 കോടിരൂപ തിരിച്ചടയ്ക്കാൻ ഫെബ്രുവരി മൂന്നു വരെ സമയമനുവദിക്കുകയും അതിനുള്ളിൽ പണം അടച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ സർഫാസി പ്രകാരം സെക്യൂരിറ്റിയായി നൽകിയിട്ടുള്ള വസ്തു ഏറ്റെടുക്കാൻ ബാങ്കിന് അധികാരമുണ്ടായിരിക്കുമെന്ന് വിധിക്കുകയുമായിരുന്നു. കോടതി നിർദേശിച്ച സമയത്തിനുള്ളിൽ പണം അടയ്ക്കാതെ വന്നതിനെ തുടർന്നാണ് ഫെഡറൽ ബാങ്ക് ഹോട്ടൽ കൈവശമെടുത്തത്.

ബാങ്കിന്റെമുഖ്യ ഓഫീസിലെ റിക്കവറി വിഭാഗത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ഹരികൃഷ്ണ പിഷാരടി, അസിസ്റ്റന്റ് ജനറൽ മാനേജർ ടി.എ.മുഹമ്മദ് സാഗർ എന്നിവരാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

TAGS: Federal Bank |