ഇന്ററാക്ടീവ് ഹ്യൂമനോയിഡ് സംവിധാനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Posted on: January 29, 2017

കൊച്ചി : ഇന്ററാക്ടീവ് ഹ്യൂമനോയിഡ് സംവിധാനമായ ഐആർഎ എച്ച്ഡിഎഫ്‌സി ബാങ്ക് മുംബൈയിലെ കമല മിൽസ് ശാഖയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിൽ ഐആർഎ എന്ന ഇന്റലിജന്റ് റോബോട്ടിക് അസിസ്റ്റന്റ് ബ്രാഞ്ചിലെ ജീവനക്കാരെ സഹായിക്കും. ഇതോടെ ഉപഭോക്തൃ സേവനത്തിന് മനുഷ്യസമാനയന്ത്ര സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ ബാങ്കായി മാറുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഐആർഎ സംവിധാനം വികസിപ്പിച്ചത്

റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്ന ഐആർഎ ബാങ്കിലെ വെൽക്കം ഡെസ്‌കിനു സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യുകയും കാഷ് ഡെപ്പോസിറ്റ്, ഫോറിൻ എക്‌സ്‌ചേഞ്ച്, ലോൺ തുടങ്ങിയ കൗണ്ടറുകളിലേക്ക് അവരെ നയിക്കുകയുമാണ് ഐആർഎ ആദ്യഘട്ടത്തിൽ ചെയ്യുക.

ബാങ്കിന്റെ കമല മിൽസ് ശാഖയിലെത്തുമ്പോൾ ഐആർഎ നിങ്ങളെ സ്വാഗതം ചെയ്യും. അതിനു ശേഷം ഈ ശാഖയിൽ ലഭ്യമായിട്ടുള്ള ബാങ്കിംഗ് സേവനങ്ങളുടെ പട്ടിക പ്രദർശിപ്പിക്കും. ഉപഭോക്താവിന് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഐആർഎ ആ സേവനം ലഭ്യമാകുന്ന കൗണ്ടറിലേക്ക് ഉപഭോക്താവിനെ നയിക്കും. എന്നെ അവിടേക്ക് കൊണ്ടു പോകുക (Take Me There) എന്നു സ്‌ക്രീനിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് ഐആർഎ ഈ നിർദേശം നൽകുക.

ഉപഭോക്താവിനെ തിരിച്ചറിയാനായി വോയ്‌സ് ആൻഡ് ഫേസ് റെക്കഗ്നിഷൻ, വോയ്‌സ് ഗൈഡഡ് നാവിഗേഷൻ, ബാലൻസ് എൻക്വയറി, ചെക്ക് ഡെപ്പോസിറ്റ് തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് അടുത്ത ഘട്ടത്തിൽ ഐആർഎയുടെ പ്രവർത്തനശേഷി വർധിപ്പിക്കും.

ആദ്യത്തെ ഹ്യൂമനോയ്ഡ് ഐആർഎ സംവിധാനം കമല മിൽസ് ശാഖയിൽ അവതരിപ്പിക്കുന്നത് വളരെ ആവേശമുണർത്തുന്നുവെന്ന് മുംബൈയിൽ നടന്ന ഐആർഎ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് കൺട്രി ഹെഡ് നിതിൻ ചഗ് പറഞ്ഞു. ഐആർഎ സംവിധാനം വളരെ സവിശേഷമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് സാങ്കേതികവിദ്യാ മികവിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.