നൂറ് ഗ്രാമങ്ങളെ ഡിജിറ്റലാക്കാൻ ഐസിഐസിഐ ബാങ്ക്

Posted on: November 30, 2016

icici-bank-big

കൊച്ചി : ഐസിഐസിഐ ബാങ്ക് 100 ഗ്രാമങ്ങളെ ഡിജിറ്റൽ വില്ലേജുകളാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. ഗ്രാമങ്ങളിലുൾപ്പെടെ രാജ്യത്ത് ഡിജിറ്റൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാങ്കിന്റെ നടപടി.

ബാങ്കിംഗ്, പേമെന്റ് ഇടപാടുകൾ തുടങ്ങിയവ ഡിജിറ്റൽ ചാനലുകൾ ഉപയോഗിച്ചു നടത്തുവാൻ ഗ്രാമീണരെ പ്രാപ്തരാക്കുകയെന്നതാണ് ഡിജിറ്റൽ വില്ലേജുകൊണ്ട് ബാങ്ക് ലക്ഷ്യമിടുന്നത്. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ കെവൈസി ഉപയോഗിച്ച് ഗ്രാമീണർക്ക് ബാങ്കിൽ അക്കൗണ്ട് തുറക്കാം. തുടർന്ന് എസ്എംഎസ്/ യുഎസ്എസ്ഡി മൊബൈൽ സൊല്യൂഷനിലൂടെ കാഷ്‌ലെസ് പേമെന്റ് നടത്താം.

ഇതിനു പുറമേ ഐസിഐസിഐ ഫൗണ്ടേഷനുമായി ചേർന്ന് ഗ്രാമീണ മേഖലയിലെ പതിനായിരം പേർക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകും. ജീവിതോപാധി നേടുവാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സ്ത്രീകൾക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. പരിശീലനം സിദ്ധിച്ചവർക്കു സ്വയം തൊഴിൽ സംരംഭങ്ങൾ നടത്താൻ വായ്പയും നൽകും.

ഗുജറാത്തിലെ സബർകന്ത ജില്ലയിലെ അകോദര ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വില്ലേജാക്കി മാറ്റിയ വിജയത്തിൽനിന്നു ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് ഐസിഐസിഐ ബാങ്ക് ഈ പുതിയ പദ്ധതിക്കു രൂപം നൽകിയിട്ടുള്ളത്. വികസനത്തിനു വേഗം നൽകുന്നതിൽ സാങ്കേതിക വിദ്യയ്ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്ന് ബാങ്ക് കരുതുന്നതായി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദാ കൊച്ചാർ പറഞ്ഞു.

TAGS: ICICI BANK |