രൂപ 58 നിലവാരത്തിൽ സ്ഥിരത കൈവരിച്ചേക്കും

Posted on: July 19, 2013

കൊച്ചി: വിദേശ നാണ്യ വിപണിയിൽ ഡോളറിനെതിരെ റെക്കോഡ് നിലയിലേക്ക് വീണ രൂപ ഒരു മാസത്തിനുള്ളിൽ സ്ഥിരത കൈവരിക്കുമെന്ന് സൂചന. 57-58 നിലവാരത്തിലായിരിക്കും രൂപ സ്ഥിരത കൈവരിക്കുകയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ നിന്ന് കരകയറുകയാണെന്നും ഇതിന്റെ ഭാഗമായി ഉത്തജക പാക്കേജുകൾ ഈ വർഷം അവസാനത്തോടെ നിർത്തുകയാണെന്നും അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയതോടെയാണ് ഡോളർ കുതിച്ചുയരുകയും രൂപ നിലംപൊത്തുകയും ചെയ്തത്. കഴിഞ്ഞയാഴ്ച ഒരവസരത്തിൽ 60നടുത്തെത്തിയിരുന്നു ഇന്ത്യൻ കറൻസി. മൂന്നാഴ്ച കൊണ്ട് 10 ശതമാനത്തിലധികം നഷ്ടമാണ് രൂപയ്ക്കുണ്ടായത്.

ബോണ്ടുകൾ വാങ്ങുന്നത് കുറയ്ക്കാൻ തുടങ്ങിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിദേശ നിക്ഷേപ ഒഴുക്ക് ഉയരാൻ തുടങ്ങുകയും കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുകയും ചെയ്തതോടെ സമീപഭാവിയിൽ തന്നെ രൂപ സ്ഥിരത കൈവരിക്കുമെന്ന് കോർപ്പറേഷൻ ബാങ്ക് ജനറൽ മാനേജർ പി.പരമശിവം പറഞ്ഞു.

ഓഹരിയുടമകളിൽ നിന്ന് ഓഹരികൾ മടക്കി വാങ്ങുന്നതിനായി ഹിന്ദുസ്ഥാൻ യൂണീലിവർ 550 കോടി ഡോളർ ചെലവഴിക്കുന്നുണ്ട്. അത് ജൂലായോടെയെത്തും. അതോടെ രൂപ കരുത്താർജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ മൂല്യം തിരിച്ചുകയറാനാണ് സാധ്യത കാണുന്നതെന്ന് ജിയോജിത് കോംട്രേഡിന്റെ ചീഫ് കറൻസി സ്ട്രാറ്റജിസ്റ്റായ ഹേമൽ ദോഷി പറഞ്ഞു.

ഇപ്പോഴുള്ള ഇടിവ് താത്ക്കാലിക പ്രതിഭാസമാണെന്നും വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഉയരാൻ തുടങ്ങുന്നതോടെ രൂപ വീണ്ടും കരുത്താർജിക്കുമെന്ന് ഐഡിബിഐ ബാങ്ക് ട്രഷറി വിഭാഗം മേധാവി എൻ.എസ്.വെങ്കടേഷ് അഭിപ്രായപ്പെട്ടു.