ആന്ധ്രാബാങ്ക് 93 ാം വർഷത്തിൽ

Posted on: November 27, 2015

Andhra-Bank-HO-Big

കൊച്ചി : സേവനത്തിന്റെ തൊണ്ണൂറ്റി മൂന്നാം വർഷത്തേക്കു പ്രവേശിച്ച ആന്ധ്രാബാങ്കിന്റെ സ്ഥാപകദിനാഘോഷ വാരം ഇന്ന് അവസാനിക്കും. ബാങ്കിന്റെ സ്ഥാപകനായ ഡോ. ഭോഗരാജു പട്ടാഭി സീതാരമയ്യയുടെ ജന്മദിനമായ നവംബർ 24, ബാങ്കിന്റെ രാജ്യത്തെ 2700 ശാഖകളിൽ സ്ഥാപകദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ശാഖകളിലും കസ്റ്റമേഴ്‌സ് മീറ്റും സംഘടിപ്പിച്ചു.

ആഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ കൊച്ചി സോണൽ ഓഫീസ് റോസറി ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കായി ഭക്ഷണവിതരണവും നടന്നു.

1923 നവംബർ 28-ന് മച്ചിലിപ്പട്ടണത്ത് ആരംഭിച്ച ആന്ധ്രാ ബാങ്ക് ഇന്നു ഇന്ത്യയൊട്ടാകെ വളർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2700 ശാഖകൾ ഉൾപ്പെടെ ആറായിരത്തിലധികം സർവീസ് ഔട്ട്‌ലറ്റുകൾ ബാങ്കിനുണ്ട്. 1980-ൽ ദേശസാൽക്കൃത ബാങ്കായി മാറി. 1989-ൽ ആയിരാമത്തെ ശാഖ തുറന്നു. 2009 ഒരു ലക്ഷം കോടി രൂപ ബിസിനസും 2012-ൽ രണ്ടു ലക്ഷം കോടി രൂപ ബിസിനസും മറി കടന്നു.

2015 സെപ്റ്റംബർ 30-ന് ബാങ്കിന്റെ മൊത്തം ബിസിനസ് 2,96,000 കോടി രൂപയാണ്. നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ ബാങ്ക് 454 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുൻവർഷമിതേ കാലയളവിലേതിനേക്കാൾ 13.9 ശതമാനം കൂടുതലാണിത്. ഡിപ്പോസിറ്റ് 1,65,940 കോടി രൂപയും വായ്പ 1,30,908 കോടി രൂപയുമാണ്.

സാമ്പത്തിക ഉൾപ്പെടുത്തലിനു സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിന് ലഭിച്ച ഐഡിആർബിടി ബാങ്കിംഗ് ടെക്‌നോളജി എക്‌സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ബാങ്കിനു കിട്ടിയിട്ടുണ്ട്.